വാഷിങ്ടൺ: ഇന്ത്യ യുക്രെയ്‌ന് നല്‍കിയ മാനുഷിക പിന്തുണയ്‌ക്കും സമാധാന സന്ദേശത്തിനും അഭിനന്ദനം അറിയിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡൻ. ഫോൺ കോളിലൂടെയാണ് ബൈഡന്‍ അഭിനന്ദനം അറിയിച്ചത്. മോദിയുടെ റഷ്യ, പോളണ്ട്, യുക്രെയ്ൻ സന്ദർശനത്തിനും ബംഗ്ലാദേശിലെ സമീപകാല സംഭവവികാസങ്ങൾക്കും ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഫോൺ സംഭാഷണമായിരുന്നു ഇത്.
ഫോൺ സംഭാഷണത്തില്‍ ഇന്തോ-പസഫിക്ക് സമുദ്രത്തിലെ സമാധാനം ഉറപ്പുവരുത്തുന്നതിന് വേണ്ടി ക്വാഡ് പോലുള്ള സംഘടനകളുടെ ഭാഗമായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ബൈഡന്‍ പറഞ്ഞു. സെപ്റ്റംബറിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്‌തതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നാല്‍, ബംഗ്ലാദേശിലെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയതിനെ കുറച്ച് ബൈഡന്‍ പറഞ്ഞില്ല.
ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിനിടെ യുക്രെയ്‌നിലെ സ്ഥിതി ഉൾപ്പെടെ വിവിധ പ്രാദേശിക, ആഗോള പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയതായി മോദിയും എക്‌സിലൂടെ അറിയിച്ചു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഇന്ത്യയുടെ പൂർണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ബൈഡനുമായി ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്‌തതായും സാധാരണ നില പുനഃസ്ഥാപിക്കേണ്ടതിൻ്റെയും ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെയും ആവശ്യകത ഊന്നിപ്പറഞ്ഞതായും മോദി എക്‌സിലൂടെ അറിയിച്ചു.