റമല്ല (പാലസ്‌തീൻ) :ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, വെസ്റ്റ് ബാങ്കിലെ നൂർ അൽ-ഷംസ് അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നടത്തിയ ഓപ്പറേഷനിൽ 14 പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. ക്യാമ്പിൽ നിന്നും നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരെയും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്യാമ്പിൽ നിന്ന് ഐഡിഎഫ് ഭാഗികമായി പിൻവാങ്ങിയിരിക്കുകയാണ്.
24 മണിക്കൂറിലധികം റെയ്‌ഡ് നടത്തിയതിന് ശേഷമാണ് ഐഡിഎഫ് ക്യാമ്പിൽ നിന്ന് പിൻവാങ്ങിയത്. ബുൾഡോസറുകൾ ഉപയോഗിച്ച് ഇവർ ഒരു കെട്ടിടം നശിപ്പിക്കുന്നതിന്‍റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഐഡിഎഫ് പിൻവാങ്ങിയതിന് പിന്നാലെ ആംബുലൻസുകൾ ക്യാമ്പിലേക്ക് പ്രവേശിക്കുന്നതും മറ്റ് വീഡിയോകളിൽ കാണാം.
ഇസ്രയേൽ സൈന്യം പ്രദേശം വിട്ടെന്നാണ് അവിടുത്തെ താമസക്കാർ പറയുന്നത്. എന്നിരുന്നാലും, അവർ അടുത്തുള്ള നഗരമായ തുൽക്കറിൽ തുടരുകയാണെന്നാണ് വിവരം. വ്യാഴാഴ്‌ചയാണ് തങ്ങൾ ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. തങ്ങളുടെ സൈന്യം 10 'തീവ്രവാദികളെ' വധിക്കുകയും എട്ട് പ്രതികളെ പിടികൂടുകയും ചെയ്‌തതായും ഐഡിഎഫ് വ്യക്തമാക്കി.
അതേസമയം പലസ്‌തീൻ ആരോഗ്യ മന്ത്രാലയവും വാർത്ത ഏജൻസി വഫയും പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഒരു കൗമാരക്കാരനും ഉൾപ്പെടുന്നു. ഐഡിഎഫ് യുവാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും പ്രധാന അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്‌തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ, വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന എമർജൻസി മെഡിക്കൽ സംഘങ്ങൾക്ക് നേരെ ശനിയാഴ്‌ചയുണ്ടായ രണ്ട് വ്യത്യസ്‌ത ആക്രമണ സംഭവങ്ങളെ പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അപലപിച്ചു. പരിക്കേറ്റ പലസ്‌തീനികളെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഒരു ആംബുലൻസ് ഡ്രൈവറെ ഇസ്രയേലി കുടിയേറ്റക്കാർ കൊലപ്പെടുത്തിയെന്നും മറ്റൊരു ആംബുലൻസ് ജീവനക്കാരെ വെസ്റ്റ് ബാങ്കിലെ ആശുപത്രിക്ക് പുറത്ത് ഐഡിഎഫ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെന്നും പലസ്‌തീൻ ആരോഗ്യ മന്ത്രാലയവും പലസ്‌തീൻ റെഡ് ക്രസൻ്റ് സൊസൈറ്റിയും പറയുന്നു.
മുഹമ്മദ് അവദ് അല്ലാ മുഹമ്മദ് മൂസ (50) എന്ന ആംബുലൻസ് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. പലസ്‌തീൻ റെഡ് ക്രസൻ്റ് സൊസൈറ്റിയുമായി (പിആർസിഎസ്) ബന്ധപ്പെട്ട് ഇദ്ദേഹം പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇദ്ദേഹത്തിൻ്റെ ആംബുലൻസിന് നേരെ ഇസ്രയേലി കുടിയേറ്റക്കാർ വെടിവയ്‌ക്കുകയായിരുന്നു. അന്തർദേശീയ ആരോഗ്യ സംഘടനകളോടും മനുഷ്യാവകാശ സ്ഥാപനങ്ങളോടും ഇൻ്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയോടും അടിയന്തരമായി പ്രവർത്തിക്കാൻ പലസ്‌തീൻ ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച് ആരോഗ്യ പ്രവർത്തകർ, ആംബുലൻസുകൾ, മെഡിക്കൽ സ്റ്റാഫ്, ചികിത്സ കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യം വയ്‌ക്കുന്നത് അന്താരാഷ്‌ട്ര മാനുഷിക നിയമത്തിൻ്റെ നഗ്നവും വ്യക്തവുമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. "മെഡിക്കുകൾ, ആംബുലൻസുകൾ, മെഡിക്കൽ സ്റ്റാഫ്, ചികിത്സ കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യം വയ്‌ക്കുന്നതും അവരുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതും മുറിവേറ്റവരിലേക്ക് എത്തുന്നതിൽ നിന്ന് തടയുന്നതും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഉടമ്പടികളുടെയും നഗ്നവും വ്യക്തവുമായ ലംഘനമാണ്," മന്ത്രാലയം വ്യക്തമാക്കി.
അതേസമയം വെസ്റ്റ് ബാങ്കിലെ നൂർ അല്‍ ഷംസ് അഭയാർഥി ക്യാമ്പിൽ തീവ്രവാദ വിരുദ്ധ റെയ്‌ഡിനിടെ നിരവധി പലസ്‌തീൻ തോക്കുധാരികൾ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു. തങ്ങളുടെ സൈനികരും ബോർഡർ പൊലീസ് ഓഫിസർമാരും ഒറ്റരാത്രികൊണ്ടാണ് നൂർ ഷംസിൽ റെയ്‌ഡ് നടത്തിയതെന്നും നിരവധി പലസ്‌തീനികൾ തടവിലാക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തിയെന്നും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു.
ALSO READ:ബന്ദികളെ മോചിപ്പിക്കുന്നതിന് 6 ആഴ്‌ചത്തെ ഇടവേള; പുതിയ വെടിനിർത്തൽ കരാറുമായി ഹമാസ്