കേരളം

kerala

ETV Bharat / international

വെസ്റ്റ്ബാങ്കിലെ അല്‍ജസീറ ബ്യൂറോ അടച്ച് പൂട്ടി ഇസ്രയേല്‍ സൈന്യം - Israel Shuts Down Al Jazeera - ISRAEL SHUTS DOWN AL JAZEERA

ഇസ്രയേല്‍ സൈന്യം അല്‍ജസീറയുടെ ഓഫിസ് 45 ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശിക്കുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറയുടെ അറബി ഭാഷയിലുള്ള ചാനല്‍ സംപ്രേഷണം ചെയ്‌തു.

Ramallah  West Bank  isrel war  അല്‍ജസീറ
This image made from video provided by Al Jazeera English shows Israeli troops raiding their bureau in Ramallah, West Bank, Sunday, Sept. 22, 2024. (AP)

By ETV Bharat Kerala Team

Published : Sep 22, 2024, 12:58 PM IST

ദുബായ് : ഇസ്രയേല്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെ അല്‍ജസീറയുടെ ഓഫിസില്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ റെയ്‌ഡ്. ബ്യൂറോ അടച്ച് പൂട്ടാനും സൈന്യം ഉത്തരവിട്ടു. ഇസ്രയേലിനെതിരെ വ്യാപകമായി വാര്‍ത്തകള്‍ പുറത്ത് വിടുന്ന സാഹചര്യത്തിലാണ് ഖത്തര്‍ ധനസഹായമുള്ള ചാനലിന് അടച്ച് പൂട്ടല്‍ നിര്‍ദേശം നല്‍കിയത്. ഗാസ മുനമ്പില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം ചാനല്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ചാനല്‍ അടച്ച് പൂട്ടാന്‍ നിര്‍ദേശിക്കുന്ന ദൃശ്യങ്ങള്‍ അല്‍ജസീറ അറബിക് ചാനല്‍ സംപ്രേഷണം ചെയ്‌തു. മെയില്‍ അല്‍ജസീറയുടെ കിഴക്കന്‍ ജെറുസലേമിലെ ഓഫിസില്‍ ഇസ്രയേല്‍ പൊലീസ് റെയ്‌ഡ് നടത്തുകയും ഉപകരണങ്ങള്‍ പിടിച്ചെടുക്കുയും ചെയ്‌തിരുന്നു. സംപ്രേഷണം തടയുകയും വെബ്‌സൈറ്റ് തടസപ്പെടുത്തുകയും ചെയ്‌തു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വാര്‍ത്ത ഏജന്‍സിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നത് ആദ്യമായാണ്. എന്നാല്‍ പലസ്‌തീന്‍ തങ്ങളുടെ വാഗ്‌ദത്ത രാജ്യം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളായ വെസ്റ്റ് ബാങ്കിലും ഗാസയിലും അല്‍ജസീറ പ്രവര്‍ത്തനം തുടരുന്നുണ്ട്.

സംഭവത്തെക്കുറിച്ച് ഇസ്രയേല്‍ സേന പ്രതികരിച്ചിട്ടില്ല. അസോസിയേറ്റഡ് പ്രസ് ഇസ്രയേല്‍ സൈന്യത്തോട് പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല. ജോര്‍ദാന് സമീപമുള്ള അമ്മാനില്‍ നിന്ന് തങ്ങള്‍ സംപ്രേഷണം തുടരുമെന്ന് അല്‍ജസീറ വ്യക്തമാക്കി.

ആയുധധാരികളായ ഒരുസംഘം സൈനികര്‍ ഓഫിസിലേക്ക് കടന്ന് കയറി ലൈവ് സംപ്രേഷണം നടത്തുകയായിരുന്ന റിപ്പോര്‍ട്ടറോട് നാല്‍പ്പത്തിയഞ്ച് ദിവസത്തേക്ക് സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരെല്ലാം ഉടന്‍ പോകണമെന്നും നിര്‍ദേശിച്ചു. അല്‍ജസീറ ഓഫിസിലുണ്ടായിരുന്ന ഒരു ബാനര്‍ അവര്‍ വലിച്ച് കീറുന്ന ദൃശ്യങ്ങളും പിന്നീട് ചാനല്‍ സംപ്രേഷണം ചെയ്‌തു. 2022 മെയില്‍ ഇസ്രയേല്‍ സൈന്യം വെടിവച്ച് കൊന്ന പലസ്‌തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷറീന്‍ അബു അക്‌ലേഷിന്‍റെ ചിത്രവും ഇവര്‍ നശിപ്പിച്ചതായി അല്‍ ജസീറ വ്യക്തമാക്കി.

അല്‍ജസീറ 45 ദിവസത്തേക്ക് അടച്ച് പൂട്ടാന്‍ കോടതി നിര്‍ദേശമുണ്ടെന്ന് ഇസ്രയേലി സൈനികന്‍ പറഞ്ഞതായി അല്‍ജസീറ ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമരി ലൈവ് ദൃശ്യങ്ങളില്‍ വ്യക്തമാക്കി. ക്യാമറകളുമായി ഉടന്‍ തന്നെ ഇവിടം വിടണമെന്നും അവര്‍ നിര്‍ദേശിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പിന്നീട് ഇവര്‍ ഓഫിസില്‍ നിന്നുള്ള രേഖകളും ഉപകരണങ്ങളും പിടിച്ചെടുത്തു. തുടര്‍ന്ന് കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രദേശത്ത് വെടിയൊച്ചകളും കേട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഗാസയിലും അധിനിവേശ വെസ്റ്റ്ബാങ്കിലും 1993ലെ ഒസ്‌ലോ ഉടമ്പടി പ്രകാരം പലസ്‌തീനികള്‍ പരിമിതമായ സ്വയംഭരണാധികാരം നേടിയിരുന്നു. എന്നാല്‍ വെസ്റ്റ്ബാങ്കിലെ വലിയൊരു പ്രദേശം ഇസ്രയേല്‍ അധീനതയിലാണ്. എന്നാല്‍ രാമള്ളയിലെ രാഷ്‌ട്രീയ, സുരക്ഷ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പലസ്‌തീനാണ്. അത് കൊണ്ട് ഇസ്രയേലിന്‍റെ ഈ നടപടി അമ്പരപ്പിക്കുന്നതാണ്.

നടപടിയ്ക്കെതിരെ പലസ്‌തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് രംഗത്തെത്തി. മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള കടന്നുകയറ്റമാണ് ഇതെന്ന് അവര്‍ ആരോപിച്ചു. ഗാസയിലും അല്‍ജസീറയുടെ ഓഫിസിന് നേരെ സമാന ആക്രമണമുണ്ടായോ എന്ന് വ്യക്തമല്ല. അല്‍ജസീറയുടെ അറബി ചാനല്‍ ഹമാസടക്കമുള്ള സംഘടനകളുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാറുണ്ട്.

ഇത് ഇസ്രയേലിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവരുടെ വിശദീകരണം. എന്നാല്‍ അല്‍ജസീറ ഇത് നിഷേധിക്കുന്നു. ഇസ്രയേല്‍ പലസ്‌തീന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥം വഹിക്കുന്ന ഖത്തറാണ് അല്‍ജസീറയുടെ ഫണ്ടിങ് ഏജന്‍സി എന്നതും ശ്രദ്ധേയമാണ്.

ഇസ്രയേല്‍-ഗാസ സംഘര്‍ഷം ലെബനനിലേക്ക് കൂടി വ്യാപിക്കുന്ന സാഹചര്യത്തിലാണ് അല്‍ജസീറയുടെ നേര്‍ക്കുള്ള കടന്ന് കയറ്റം.

Also Read:ആശയ വിനിമയ ഉപകരണങ്ങള്‍ ആയുധമാക്കുന്നത് നിയമവിരുദ്ധം; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ABOUT THE AUTHOR

...view details