ടെൽ അവീവ്: മാസങ്ങൾ നീണ്ട യുദ്ധഭീതിക്ക് വിരാമമിട്ട് ഹിസ്ബുള്ളയുമായി വെടിനിർത്തലിന് തയ്യാറായി ഇസ്രയേൽ. ഇസ്രയേലിൻ്റെ സുരക്ഷാ മന്ത്രിസഭയാണ് 60 ദിവസത്തേക്ക് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്. മന്ത്രിസഭ കരാർ അംഗീകരിച്ചതിനുപിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രാദേശിക സമയം പുലർച്ചെ നാലു മണിക്കാണ് വെടിനിർത്തൽ നിലവിൽ വരിക.
വെടിനിർത്തലിൻ്റെ ഭാഗമായി അടുത്ത 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ ലെബനനിൽനിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ബൈഡൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായും ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാതിയുമായും താന്‍ ചർച്ച നടത്തി. ഹിസ്ബുള്ളയും മറ്റ് തീവ്രവാദ സംഘടനകളും ഇസ്രയേലിൻ്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകാന്‍ അനുവദിക്കില്ലെന്നും ബൈഡൻ പറഞ്ഞു.
'ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വിനാശകരമായ സംഘർഷം അവസാനിപ്പിക്കാനുള്ള യുഎസിന്‍റെ നിർദ്ദേശം അവരുടെ സർക്കാരുകൾ അംഗീകരിച്ചുവെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് സാധ്യമാക്കിയതിൽ ഫ്രാൻസ് പ്രസിഡൻ്റ് മാക്രോണിൻ്റെ പങ്കാളിത്തത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.
അതേസമയം ബൈഡന്‍റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിനെ കനത്ത ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. വെടിനിർത്തൽ കരാർ നിലവിൽ വരുന്നതിന് തൊട്ടുമുന്‍പ് നടത്തിയ ഈ ആക്രമണത്തിൽ 42 പേരോളം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബെയ്‌റൂട്ടിന്‍റെ തെക്കൻ മേഖലയിലുള്ള ആളുകളോട് ഒഴിഞ്ഞുപോകാനും ഇസ്രയേൽ ആവശ്യപ്പെട്ടു.