ബെയ്‌റൂത്ത് : ബെയ്‌റൂത്തിലെ ഹിസ്‌ബുള്ള ആസ്ഥാനം വ്യോമാക്രമണത്തില്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന. മുഹമ്മദ് അലി ഇസ്‌മയില്‍, ഹുസൈന്‍ അഹമ്മദ് ഇസ്‌മയില്‍ തുടങ്ങിയ സുപ്രധാന നേതാക്കളെ സൈന്യം വധിച്ചതായും അവര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ കനത്ത നാശനഷ്‌ടങ്ങളുണ്ടാക്കി. നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു.
ലെബനന്‍ തലസ്ഥാനത്ത് ഇന്നോളമുണ്ടായതില്‍ ഏറ്റവും ആക്രമണമാണ് ഇന്ന് നടന്നത്. ഇതോടെ സംഘര്‍ഷം പൂര്‍ണമായ ഒരു യുദ്ധത്തിലേക്ക് വഴി മാറുകയാണോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആറ് പേരാണ് ഇന്ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 91 പേര്‍ക്ക് പരിക്കേറ്റതായും ലെബനനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
തെക്കൻ ബെയ്‌റൂത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ജനസാന്ദ്രതയുള്ള പ്രദേശമായ ദഹിയേയിൽ ഒന്നിലധികം കെട്ടിടങ്ങൾ തകർന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
ഹിസ്‌ബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അതേസമയം ആരെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്ന് പ്രതികരിക്കാന്‍ ഇസ്രയേല്‍ സേന തയാറായിട്ടില്ല. നസ്‌റുള്ള ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ച് ഹിസ്‌ബുള്ളയും പ്രതികരിച്ചിട്ടില്ല.
മരണസംഖ്യ ഉയര്‍ന്നേക്കും. കെട്ടിട അവശിഷ്‌ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ തുടരുകയാണ്. ഒരു പൊട്ടിത്തെറിക്ക് പിന്നാലെ ഇസ്രയേല്‍ ആക്രമണ പരമ്പര തന്നെ നടത്തുകയായിരുന്നു.
ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്‍റെ അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടില്‍ തിരിച്ചെത്തി. നേരത്തെ അദ്ദേഹം ഐക്യരാഷ്‌ട്ര പൊതുസഭയെ അഭിസംബോധന ചെയ്‌തിരുന്നു. ഹിസ്‌ബുള്ളയ്‌ക്കെതിരെ ആക്രമണം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നെതന്യാഹുവിന്‍റെ പ്രസംഗം. ഇതോടെ രാജ്യാന്തര പിന്തുണയുള്ള വെടിനിര്‍ത്തലിന് സാധ്യത മങ്ങി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഐക്യരാഷ്‌ട്ര പൊതുസഭയിലെ അഭിസംബോധനയ്ക്ക് ശേഷം നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ആക്രമണ വാര്‍ത്ത പുറത്ത് വന്നത്. സൈനിക ഉദ്യോഗസ്ഥന്‍ ഇക്കാര്യം നെതന്യാഹുവിന്‍റെ കാതില്‍ രഹസ്യമായി പറഞ്ഞതോടെ വേഗത്തില്‍ വാര്‍ത്താസമ്മേളനം അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു. ഏത് തരം ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല. ഒരാഴ്‌ചയായി ഇസ്രയേല്‍ അതീവ നാടകീയമായി വ്യോമാക്രമണം കടുപ്പിക്കുകയായിരുന്നു.
ഹിസ്ബുള്ളയുടെ മിസൈൽ ആയുധശേഖരത്തിന്‍റെ പകുതിയോളം ഇല്ലാതാക്കിയെന്നാണ് ഇസ്രയേലിന്‍റെ വിലയിരുത്തൽ. ലെബനിൽ ഇതുവരെ ഇസ്രയേൽ വ്യോമാക്രമണങ്ങൾ മാത്രമാണ് നടത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ സൈന്യം കൂടുതൽ ടാങ്കുകളും കവചിത വാഹനങ്ങളും ലെബനനുമായുള്ള വടക്കൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. കര ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഇസ്രയേൽ ഇതിലൂടെ നൽകുന്നത്.
Also Read:ഐക്യരാഷ്‌ട്രസഭയില്‍ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് പലസ്‌തീന്‍ പ്രസിഡന്‍റ്; ഗാസയില്‍ നടക്കുന്നത് വംശഹത്യയെന്ന് മെഹമ്മൂദ് അബ്ബാസ്