ടെഹ്‌റാൻ :ഇറാന്‍ പ്രസിഡന്‍റായിരുന്ന ഇബ്രാഹിം റൈസിയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ ഇറാനിൽ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ റൗണ്ടിൽ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39.92 ശതമാനം മാത്രമാണ് ആദ്യ റൗണ്ടിലെ പോളിങ്.
1979-ല്‍ ഇറാനില്‍ ഇസ്ലാമിക വിപ്ലവം ഉണ്ടായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയും ഇറാനിലെ ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു. നാളെ(06-07-2024) പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അവസാനിക്കും.
പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയാനും കടുത്ത യാഥാസ്ഥിതികനായ സയീദ് ജലീലിയും തമ്മിലാണ് അവസാന റൗണ്ടില്‍ പോരാട്ടം നടക്കുന്നത്. യാഥാസ്ഥിതികര്‍ സാധാരണയായി പാശ്ചാത്യ ബന്ധങ്ങളെയും ഇറാനെ ബാഹ്യ സ്വാധീനത്തിന് തുറന്നുകൊടുക്കുന്നതിനെയും ശക്തമായി എതിര്‍ക്കുന്നവരാണ്.
അതിനാൽ, ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കാൻ പെസെഷ്‌കിയാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ജലീലി പ്രസിഡന്‍റായാല്‍ ആഭ്യന്തര ശേഷികള്‍ക്കും പ്രാദേശിക ബന്ധങ്ങൾക്കും മുൻഗണന നൽകുമെന്നും റഷ്യയുമായും ചൈനയുമായുമുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
69 കാരനായ പെസെഷ്‌കിയാൻ 2016 മുതൽ 2020 വരെ ഇറാന്‍റെ ഡെപ്യൂട്ടി സ്‌പീക്കറായി പ്രവര്‍ത്തിച്ചിരുന്നു. 2008 മുതൽ തബ്രിസില്‍ നിന്നുള്ള പാർലമെന്‍റ് അംഗമാണ്. ഹാർട്ട് സർജൻ കൂടിയായ പെസെഷ്‌കിയാൻ 2000-ത്തിന്‍റെ തുടക്കത്തിൽ, മുൻ പ്രസിഡന്‍റ് മുഹമ്മദ് ഖതാമിയുടെ ആരോഗ്യമന്ത്രിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
ഈ വര്‍ഷം മത്സരിക്കുന്നവരില്‍ യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്ന് അല്ലാത്ത ഏക മത്സരാർത്ഥിയും അദ്ദേഹമാണ്. 2021-ൽ, ഗാർഡിയൻ കൗൺസിൽ അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു.
അതേസമയം, 58 കാരനായ ജലീലി 2013-ൽ ഹസൻ റൂഹാനിക്കെതിരെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ്. 2021-ൽ റൈസിക്ക് വേണ്ടി പിൻമാറി.
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ (എസ്എൻഎസ്‌സി) നേരിട്ടുള്ള പ്രതിനിധി എന്ന നിലയിൽ 2007 മുതൽ 2013 വരെ ഇറാനിയൻ ആണവ പ്രശ്‌നത്തില്‍ മേൽനോട്ടം വഹിച്ചത് ജലീലിയാണ്. എക്‌സ്‌പെഡിയൻസി കൗൺസിൽ പോലുള്ള തെരഞ്ഞെടുക്കപ്പെടാത്ത കമ്മിറ്റികളിലും ജലീലി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ഷാഡോ ഗവൺമെന്‍റ്' എന്ന് വിളിക്കപ്പെടുന്ന എസ്.എൻ.എസ്.സി.യിലും ജലീലി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ വിദേശകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന അലി ബഗേരി കനി ജിലീലിയുടെ പിന്തുണക്കാരനാണ്. 2021 മുതൽ ഇറാന്‍റെ മുഖ്യ ആണവ സൂത്രധാരനാണ് കാനി. ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാനിലെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് പെസെഷ്‌കിയാനും ജലീലിയും വാഗ്‌ധാനം ചെയ്യുന്നുണ്ട്.
അടുത്ത വർഷം ജൂണിലാണ് ഇറാനില്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. പ്രസിഡൻ് റെയ്‌സി അപ്രതീക്ഷിതമായി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനാലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്‌ദൊല്ലഹിയാനും ഉൾപ്പെടെ ഏഴ് പേരാണ് മെയ് 19- ന് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. ഇറാന്‍ നിയമ പ്രകാരം പുതിയ പ്രസിഡന്‍റിനെ 50 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുക്കണം.
Also Read :പ്രസിഡന്‍റ് മരിച്ചാല്‍ 50 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ്: ഇറാന്‍ ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനം ഇങ്ങനെ - President election In Iran