മെല്‍ബണ്‍: ഒക്‌ടോബര്‍ 1ന് ഇറാൻ ലോകത്തെ ഞെട്ടിച്ചുകൊണ്ട് 180ഓളം ബാലിസ്‌റ്റിക് മിസൈല്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതിന് പിന്നാലെയാണ് പശ്ചിമേഷ്യ യുദ്ധക്കളമാകുന്നത്. ഇറാൻ അയച്ച മിസൈലുകള്‍ ഇസ്രയേലും സഖ്യകക്ഷികളായ അമേരിക്കയും ചേര്‍ന്ന് തകര്‍ത്തെന്നും ഇറാൻ മിസൈല്‍ ആക്രമണം പ്രതിരോധിച്ചെന്നും വ്യക്തമാക്കി ഇരുരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ബാലിസ്‌റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഉടനടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുക്കുകയും ചെയ്‌തു, ഇതിന് അമേരിക്കയും നിരുപാധികം പിന്തുണ പ്രഖ്യാപിച്ചു.
ഇറാൻ വലിയ തെറ്റ് ചെയ്‌തെന്നും കനത്ത വില നല്‍കേണ്ടി വരുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. ഇറാനിലെ ടെഹ്‌റാൻ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി തിരിച്ചടിക്കുകയും ചെയ്‌തു. ഇറാന്‍റെ പ്രോക്‌സി ഗ്രൂപ്പുകളായ ഹമാസിന്‍റെയും ഹിസ്ബുള്ളയുടെയും നേതാക്കൾക്കെതിരെയും ഗാസയിലെയും ലെബനനിലെയും അവരുടെ സൈന്യത്തിന് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലുമായി നേരിട്ടുള്ള ഏറ്റുമുട്ടലോ, യുദ്ധമോ ഉണ്ടായാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ആശങ്കയും ഭയവും ഇറാൻ ഭരണകൂടത്തിനുണ്ട്. അതിനാല്‍ തന്നെ പലസ്‌തീൻ ബ്രിഗേഡുകളായ ഹമാസിനെയും ലെബനനിലെ സൈനിക ഗ്രൂപ്പായ ഹിസ്‌ബുള്ളയെയും പിന്തുണയ്ക്കാനാണ് പലപ്പോഴും ഇറാൻ ശ്രമിച്ചത്.
നേരിട്ട് ഒരു യുദ്ധത്തിന് ഇറാൻ തയ്യാറായിരുന്നില്ല, എന്നാല്‍ ഹമാസിനും ഹിസ്‌ബുള്ളയ്ക്കും വേണ്ട എല്ലാ സൈനിക സഹായങ്ങളും പരോക്ഷമായ രീതിയില്‍ ചെയ്യാൻ ഇറാൻ തയ്യാറുമാണ്. എന്നാല്‍ ഇതിനെല്ലാം ഹമാസിന്‍റെ ഉന്നത കമാൻഡറെയും ഹിസ്‌ബുള്ളയുടെ ഉന്നത കമാൻഡറെയും കൊലപ്പെടുത്തിയാണ് ഇറാന് അടക്കം ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയത്.
ഹമാസിന്‍റെ രാഷ്ട്രീയ നേതാവ് ഇസ്‌മായിൽ ഹനിയയെ ജൂലൈ അവസാനം ടെഹ്‌റാനിൽ വച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയിരുന്നു. പിന്നാലെ ഹിസ്‌ബുള്ളയുടെ തലവൻ ഹസൻ നസ്‌റുള്ളയെയും ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലും കൊലപ്പെടുത്തി. ഇറാനിലെ സായുധ സംഘമായ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേല്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തത് ഇറാനെയും ലോകത്തെയും ശരിക്ക് ഞെട്ടിച്ചിരുന്നു.
ഇസ്രയേലിന്‍റെ ചാരസംഘടനയായ മൊസാദാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലെബനനിലെ പേജര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഇറാന്‍ മുൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായും റെയ്‌സിയും ഒരു പേജര്‍ ഉപയോഗിച്ചിരുന്നുവെന്നും ഇറാനിലെ പാര്‍ലമെന്‍റ് അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്‌താനി വെളിപ്പെടുത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതെല്ലാം കണക്കിലെടുമ്പോള്‍ ഇസ്രയേലാണ് ഇതിനുപിന്നിലെന്നും ഇസ്രയേലിനെ തിരിച്ചടിക്കല്‍ അനിവാര്യമാണെന്നും ഇറാൻ കരുതുകയായിരുന്നു. ഇനിയും ഇസ്രയേലിനെ തിരിച്ചടിച്ചില്ലെങ്കില്‍ ഇറാൻ ഭരണകൂടം ഒരു കഴിവുകെട്ടവരായി ലോകത്തിനു മുന്നില്‍ ചിത്രീകരിക്കപ്പെടുമെന്ന ഭയം ഉള്‍പ്പെടെ കണക്കിലെടുത്താണ് ഇറാൻ ഇസ്രയേലിലേക്ക് 400ഓളം ബാലിസ്‌റ്റിക് മിസൈലുകള്‍ അയച്ച് ശക്തി തെളിയിച്ചത്.