ന്യൂഡൽഹി: ബധിരനാകുക എന്നത് അന്ധനാകുന്നതിനെക്കാൾ വലിയ കഷ്‌ടമാണ്. അറിവിൻ്റെയും വിവരങ്ങളുടെയും ആത്മാവാണ് കേൾവി. കേൾവി നഷ്‌ടപ്പെടുന്നത് തീർച്ചയായും ഒറ്റപ്പെടുന്നതിന് തുല്യമാണെന്നാണ് ഹെലന്‍ കെല്ലര്‍ പറഞ്ഞിട്ടുളളത്.
എന്നും നിശബ്‌ദതയുടെ ലോകത്ത് ജീവിക്കുന്നവരാണ് ബധിരര്‍. കാണുന്നതിന് അകമ്പടിയായി അവര്‍ക്ക് ശബ്‌ദങ്ങളില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ലോകത്ത് നിന്ന് ഒറ്റപ്പെടേണ്ടി വന്നവരാണവര്‍.
ശബ്‌ദങ്ങളും ഭാഷയും വ്യക്തിവികാസത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒന്നും കേള്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍, ചുറ്റുമുളള ലോകം മൂകമാകുമ്പോള്‍ ആളുകള്‍ക്ക് സംസാരിക്കാന്‍ കഴിയാതെ വരുന്നു. അതുകൊണ്ടുതന്നെ ജന്മന കേള്‍വിശക്തിയില്ലാത്ത പലരും സംസാരിക്കാന്‍ കഴിയാത്തവരാണ്.
അത്തരം മനുഷ്യര്‍ പൊതുയിടങ്ങളിലും മറ്റും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും നാം അറിയാതെയും ശ്രദ്ധിക്കാതെയും പോകുന്നു. അങ്ങനെ ശബ്‌ദത്തിന്‍റെ ലോകം അന്യമായിട്ടുളള മനുഷ്യരുടെ ജീവിതത്തെ കുറിച്ച് ആളുകളില്‍ അവബോധം സൃഷ്‌ടിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി എല്ലാ വര്‍ഷവും സെപ്റ്റംബറിലെ അവസാന ഒരാഴ്‌ചക്കാലത്തെ ബധിരരുടെ അന്താരാഷ്‌ട്ര വാരമായമായി ആചരിക്കുന്നു. ഇതിന്‍റെ ഭാഗമായി ശില്‍പശാലകളും, കാമ്പെയ്‌നുകൾ, സെമിനാറുകള്‍ പോലുളള നിരവധി പരിപാടികളും സംഘടിപ്പിക്കുന്നു.
പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ സാമൂഹിക ഉൾപ്പെടുത്തലും ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. ബധിരരുടെ ജീവിത ശൈലിയെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും ആളുകളില്‍ അവബോധം സൃഷ്‌ടിക്കുക എന്നതും ഇതിന്‍റെ ഭാഗമാണ്. ആംഗ്യഭാഷയുടെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുക എന്നതും അന്താരാഷ്‌ട്ര ബധിര വാരാചരണത്തിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്.
ബധിരരുടെ ഐഡൻ്റിറ്റി, വിദ്യാഭ്യാസം, അവകാശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും ബധിര വാരാചരണത്തിന്‍റെ ഭാഗമായി ഓരോ തീം കൊണ്ടുവരാറുണ്ട്. 'ആംഗ്യഭാഷ അവകാശങ്ങള്‍ക്കായി സൈൻ അപ്പ് ചെയ്യുക' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ബധിര സമൂഹത്തിൻ്റെ നേട്ടങ്ങള്‍ ഉയർത്തിക്കാട്ടുന്നതിനായി ശിൽപശാലകൾ, സാംസ്‌കാരിക പരിപാടികൾ, അഭിഭാഷക കാമ്പെയ്‌നുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.