ഇസ്ലാമാബാദ്: അനിസ്‌ലാമിക വിവാഹക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഭാര്യയെയും പാകിസ്ഥാനി കോടതി കുറ്റവിമുക്തരാക്കി. ഇദാത്ത് കേസില്‍ 71 കാരനായ ഇമ്രാന്‍ഖാനും ഭാര്യ 49കാരിയായ ബുഷ്‌റ ബീവിയും നല്‍കിയ അപ്പീല്‍ ഇസ്‌ലാമാബാദ് ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ കൊല്ലം ഓഗസ്‌റ്റ് മുതല്‍ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് നേതാവ് ജയിലില്‍ കഴിയുകയായിരുന്നു.
എന്നാല്‍ ജയില്‍മോചിതരാകാമെന്ന ഇവരുടെ സ്വപ്‌നങ്ങള്‍ക്ക് അധികം ആയുസുണ്ടായില്ല. ഇവരെ ഉടന്‍ തന്നെ മറ്റൊരു അഴിമതിക്കേസില്‍ അറസ്‌റ്റ് ചെയ്‌തു. ഇദാത്ത് കേസില്‍ കുറ്റവിമുക്തനാക്കി കേവലം ഒരു മണിക്കൂറിനുള്ളില്‍ തന്നെ പുതിയതായി രജിസ്‌റ്റര്‍ ചെയ്‌ത തോഷഖാന അഴിമതിക്കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ഇദ്ദേഹത്തിനെതിരെയുള്ള മൂന്നാമത്ത തോഷഖാന കേസാണിത്. രണ്ട് വര്‍ഷമായി തുടരുന്ന ഇദ്ദേഹത്തിന്‍റെ പേരിലുള്ള മറ്റ് രണ്ട് തോഷഖാന കേസുകള്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്‍ ഖാന്‍റെ പേരിലുള്ള കേസ്. പാകിസ്ഥാനിലെ ഭരണാധികാരികൾ, നിയമ നിർമാണ സഭാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് വിദേശ രാജ്യങ്ങളുടെ തലവന്മാർ, ഗവൺമെന്‍റുകൾ, അന്തർദേശീയ പ്രമുഖർ എന്നിവർ നൽകുന്ന മൂല്യമേറിയ സമ്മാനങ്ങൾ തോഷഖാന വകുപ്പാണ് സൂക്ഷിക്കുന്നത്.
എന്നാല്‍ തനിക്ക് ലഭിച്ച സമ്മാനങ്ങൾ തോഷഖാനയിലേക്ക് നല്‍കാതെ സ്വന്തം നിലയ്ക്ക് വിറ്റ് പണമാക്കുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്‌തത്. ഇമ്രാൻ ഖാൻ അധികാരത്തിലിരിക്കെ അറബ് രാഷ്‌ട്രങ്ങളിൽ സന്ദർശിച്ചപ്പോൾ ലഭിച്ച വിലയേറിയ സമ്മാനങ്ങൾ തോഷഖാനയിൽ അടച്ചു. പിന്നീട് ഇത് വൻ ലാഭത്തിൽ മറിച്ചുവിറ്റുവെന്നാണ് ആരോപണം. ഇത്തരത്തില്‍ ലഭിച്ച സമ്മാനങ്ങള്‍ മുന്‍ ക്രിക്കറ്റ്താരം കൂടിയായ പ്രധാനമന്ത്രി വിറ്റത് ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. അഴിമതി ആരോപണങ്ങളെയും ഇമ്രാന്‍ ഖാന്‍ നടത്തിയ വ്യാജ പ്രസ്‌താവനകളെയും തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചിരുന്നു.
പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ ഒരു തീവ്രവാദ വിരുദ്ധ കോടതി ഖാനെ അഴിമതിക്കേസിൽ അറസ്‌റ്റ് ചെയ്‌തതിനെത്തുടർന്ന് മെയ് ഒന്‍പതിന് നടന്ന കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ ഖാനെ അറസ്‌റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇമ്രാന്‍റെ ഏറ്റവും പുതിയ അറസ്‌റ്റിനെ നിയമവിരുദ്ധമായി തടവ് നീട്ടാനുള്ള ഗിമ്മിക്ക് എന്നാണ് അദ്ദേഹത്തിന്‍റെ പാർട്ടിയായ പിടിഐ വിശേഷിപ്പിച്ചത്.
ബുഷ്‌റ ബീവിയുടെ ഇദ്ദത് കാലഘട്ടത്തിലാണ് ഇവര്‍ ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചതെന്ന് ആരോപിച്ച് ബുഷ്‌റയുടെ മുൻ ഭർത്താവ് ഖവാർ ഫരീദ് മനേക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ ഇസ്‌ലാമാബാദ് കോടതി ദമ്പതികളെ ശിക്ഷിച്ചത്. ഇസ്‌ലാമിൽ, വിവാഹമോചനത്തിന് ശേഷം അല്ലെങ്കിൽ ഭർത്താവിന്‍റെ മരണത്തിന് ശേഷം നാല് മാസം തികയുന്നതിന് മുമ്പ് ഒരു സ്‌ത്രീക്ക് പുനർവിവാഹം ചെയ്യാൻ പാടില്ല. ഖാന്‍റെയും ബുഷ്റയുടെയും വിവാഹം വഞ്ചനാപരമാണെന്ന് വിചാരണ കോടതി കണ്ടെത്തിയതിനെത്തുടർന്ന് ഫെബ്രുവരിയിൽ ഏഴ് വർഷം തടവും 500,000 രൂപ വീതം പിഴയും വിധിച്ചു. തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ജില്ലാ സെഷൻസ് കോടതിയിൽ അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി (എഡിഎസ്ജെ) അഫ്‌സൽ മജോക കേസ് പരിഗണിച്ചപ്പോൾ ദമ്പതികൾ ശിക്ഷയെ ചോദ്യം ചെയ്‌തു. തുടര്‍ന്ന് ഖാനെയും ബുഷ്‌റയെയും കുറ്റവിമുക്തരാക്കുകയായിരുന്നു. മറ്റൊരു കേസിലും ഇവരെ ആവശ്യമില്ലെങ്കിൽ ഇമ്രാൻ ഖാനെയും ബുഷ്‌റ ബീബിയെയും ഉടൻ മോചിപ്പിക്കണം എന്നാണ് അവരുടെ അപ്പീലുകൾ സ്വീകരിച്ചുകൊണ്ട് ജഡ്‌ജി പറഞ്ഞത്. തോഷഖാന അഴിമതിക്കേസിലെ ശിക്ഷ സസ്‌പെൻഡ് ചെയ്യുകയും സൈഫർ കേസിൽ കുറ്റവിമുക്തനാക്കുകയും ചെയ്‌തതിന് ശേഷവും ഖാൻ ജയിലില്‍ തുടരാന്‍ കാരണമായ ഒരേയൊരു കേസ് അനിസ്ലാമിക വിവാഹക്കേസായിരുന്നു.
Also Read:തോഷഖാന കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 14 വര്‍ഷം തടവ്