ബെയ്റൂത്ത് :തങ്ങളുടെ ഉന്നത നേതാക്കളില്‍ ഒരാളായ ഇബ്രാഹിം കുബൈസി ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്‌ബുള്ള. ദക്ഷിണ ബെയ്‌റൂത്തില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
ആറുനില കെട്ടിടത്തിന്‍റെ മൂന്ന് നിലകളും ഈ വ്യോമാക്രമണത്തില്‍ തകര്‍ന്നു. ബെയ്റൂത്തില്‍ ഒരാഴ്‌ചയ്ക്കിടെ ഇസ്രയേല്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇസ്രയേല്‍-ഹിസ്‌ബുള്ള സംഘര്‍ഷം കടുത്ത ഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ആദ്യമായാണ് ഹിസ്‌ബുള്ളയുടെ ഒരംഗത്തിന്‍റെ മരണം അവര്‍ സ്ഥിരീകരിക്കുന്നത്.
സെപ്റ്റംബർ 20ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ ഹിസ്ബുള്ള നേതാവായ ഇബ്രാഹിം അഖിൽ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ളയുടെ റദ്വാൻ യൂണിറ്റിന്‍റെ തലവനായിരുന്നു ഇബ്രാഹിം അഖിൽ. വടക്കൻ ഇസ്രയേലിൽ നടക്കുന്ന ആക്രമണങ്ങളുടെ സൂത്രധാരൻ ഇബ്രാഹിം അഖിലാണെന്നായിരുന്നു ഇസ്രയേലിന്‍റെ ആരോപണം. ഈ വ്യോമാക്രമണത്തിൽ മാത്രം ബെയ്റൂത്തിൽ 45ഓളം പേർ കൊല്ലപ്പെടുകയും 60-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അടുത്തിടെ ലെബനനിൽ പേജറുകളും വോക്കി-ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ച് 37-ഓളം പേർ കൊല്ലപ്പെടുകയും 3000-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.
റോക്കറ്റ്-മിസൈല്‍ വിഭാഗത്തിന്‍റെ ചുമതലയുള്ള ഹിസ്‌ബുള്ള കമാന്‍ഡര്‍ ആയിരുന്നു കുബൈസി. കുബൈസിയാണ് ഇസ്രയേലിന് നേരെ നടന്ന ആക്രമണങ്ങളുെട ഉത്തരവാദിയെന്ന് അവര്‍ ആരോപിക്കുന്നു. ഇതിന് പുറമെ രണ്ടായിരം ആക്രമണങ്ങള്‍ കുബൈസി ആസൂത്രണം ചെയ്‌തിരുന്നുവെന്നും ഈ ആക്രമണങ്ങള്‍ക്കിടെ മൂന്ന് ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.