റാഫ: സഹായത്തിനായി കാത്ത് നിന്ന പലസ്‌തീനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം. ഗാസ നഗരത്തില്‍ ഇന്ന് രാവിലെയുണ്ടായ ആക്രമണത്തില്‍ 280 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയ വക്താവ് അഷറഫ് അല്‍ഖ്വിദ്ര അറിയിച്ചു(Gaza's Health Ministry).
പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് കഴുത വണ്ടിയിലും മറ്റും എത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ അല്‍ജസീറ സംപ്രേഷണം ചെയ്‌തു . ഒക്‌ടോബര്‍ ഏഴിന് ഇസ്രയേല്‍ ആരംഭിച്ച കര-വ്യോമ-കടല്‍ ആക്രമണങ്ങളില്‍ വടക്കന്‍ ഗാസയായിരുന്നു അവരുടെ ആദ്യ ലക്ഷ്യം. കനത്ത നാശനഷ്‌ടങ്ങളാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്. മാസങ്ങളായി ഇവര്‍ക്ക് രാജ്യത്തെ മറ്റിടങ്ങളുമായി യാതൊരു ബന്ധവുമില്ല. സഹായങ്ങളും എങ്ങുനിന്നും ലഭിക്കുന്നുമില്ല(Palestinians Waiting For Aid).
ഗാസയുടെ പല ഭാഗത്തും സഹായമെത്തിക്കാനാകുന്നില്ലെന്ന് സന്നദ്ധ സംഘടനകളും പറയുന്നു. സഹായവുമായി എത്തുന്ന വാഹനങ്ങള്‍ക്ക് നേരെ വലിയ ജനക്കൂട്ടങ്ങള്‍ പാഞ്ഞടുക്കുകയാണ്. ഗാസയിലെ 23 ലക്ഷം ജനതയുടെ മുക്കാല്‍ പങ്കും കൊടുംപട്ടിണിയിലാണെന്ന് ഐക്യരാഷ്‌ട്രസഭ പറയുന്നു. ഇന്ന് നടന്ന ആക്രമണത്തില്‍ അന്‍പത് പേര്‍ മരിച്ചതായി ഷിഫ ആശുപത്രിയിലെ നഴ്‌സിംഗ് വിഭാഗം മേധാവി ഡോ ജദല്ല ഷഫായി പറഞ്ഞു. 250 പേര്‍ക്ക് പരിക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കൃത്യമായ കണക്കുകള്‍ നല്‍കാന്‍ അദ്ദേഹം തയാറായില്ല(70 Killed In Strike).
കമല്‍ അഡ്വാന്‍ ആശുപത്രിയില്‍ പത്ത് മൃതദേഹങ്ങളും 160 പരിക്കേറ്റവരെയും കൊണ്ടുവന്നതായി മേധാവി ഡോ. ഹുസാം അബു സാഫിയ പറഞ്ഞു. നൂറ് കണക്കിന് പേര്‍ നിലത്ത് കിടക്കുന്ന കാഴ്ചയാണ് അവിടെയെന്ന് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ഫറേസ് അഫാന പറഞ്ഞു. മൃതദേഹങ്ങളും പരിക്കേറ്റവരെയും കൊണ്ടു പോകുന്നതിന് മതിയായ ആംബുലന്‍സ് സൗകര്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലരെയും കഴുത വണ്ടിയിലാണ് ആശുപത്രിയില്‍ എത്തിക്കുന്നത്.