ഗാസ/ലണ്ടന്‍:ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 48 മണിക്കൂറിനിടെ 61 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഇസ്രയേല്‍-പലസ്‌തീന്‍ യുദ്ധത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 40,939 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 94,616 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.
കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിനാണ് ഇസ്രയേല്‍-പലസ്‌തീന്‍ യുദ്ധത്തിന് തുടക്കമായത്. ഇതോടെ യുദ്ധം പന്ത്രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ആക്രമണത്തില്‍ 162 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരും പലയിടങ്ങളിലായി ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവരെ കണ്ടെത്താനാകുന്നില്ലെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.
അതേസമയം ഗാസയില്‍ ഒരു വെടിനിര്‍ത്തലിന് തങ്ങള്‍ സന്ധിയില്ലാതെ ശ്രമിക്കുകയാണെന്ന് അമേരിക്കന്‍-ബ്രിട്ടീഷ് വിദേശകാര്യ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ പ്രതികരിച്ചു. അസാധാരണമായ ഒരു സംയുക്ത പ്രസ്‌താവനയിലാണ് ഇവരുടെ സമാധാനത്തിന് വേണ്ടിയുള്ള ആഹ്വാനം. സംഘര്‍ഷം കുറയ്ക്കാനുള്ള എല്ലാ സാധ്യതകളും തേടുകയാണെന്ന് സിഐഎ മേധാവി വില്യം ബേണ്‍സും എം16 മേധാവി റിച്ചാര്‍ഡ് മൂറും സംയുക്ത പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിലെ വെടിനിർത്തലിലൂടെ പലസ്‌തീനികളുടെ കഷ്‌ടപ്പാടുകളും ഭയാനകമായ ജീവിതനഷ്‌ടവും അവസാനിപ്പിക്കാനും 11 മാസത്തെ നരകതുല്യതയ്ക്ക് ശേഷം ബന്ദികളെ വീട്ടിലെത്തിക്കാനും കഴിയുമെന്ന് രണ്ട് ഇന്‍റലിജന്‍സ് ഏജന്‍സികളും അഭിപ്രായപ്പെട്ടതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.