ഫ്രാന്‍സ് :ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പവേൽ ദുരോവിനെ പാരിസിൽ വച്ച് അറസ്റ്റ് ചെയ്‌തത് ജുഡീഷ്യൽ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും അത് രാഷ്‌ട്രീയ നീക്കമല്ലെന്നും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. ഇക്കാര്യത്തിൽ വിധി പറയേണ്ടത് ജഡ്‌ജിമാരാണെന്നും മാക്രോണ്‍ തന്‍റെ എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.
പവേൽ ദുരോവിന്‍റെ അറസ്റ്റില്‍ ഫ്രാൻസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട് മാക്രോണ്‍ പറഞ്ഞു. 'ഫ്രാൻസ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും ആശയവിനിമയ സ്വാതന്ത്ര്യത്തിലും നവീകരണത്തിലും സംരംഭകത്വത്തിന്‍റെ പുരോഗതിയിലും പ്രതിജ്ഞാബദ്ധമാണ്, അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. നിയമവാഴ്‌ചയുള്ള ഒരു രാജ്യത്ത് സോഷ്യൽ മീഡിയയുടെയും യഥാർഥ ജീവിതത്തിന്‍റെയും സ്വാതന്ത്യത്തിന് ഒരു നിയമപരമായ ചട്ടക്കൂട് നിലനിര്‍ത്തേണ്ടതുണ്ട്. പൗരന്മാരെ സംരക്ഷിക്കുന്നതിനും അവരുടെ മൗലികാവകാശങ്ങളെ മാനിക്കുന്നതിനും അത് ആവശ്യമാണ്. പൂർണ സ്വാതന്ത്ര്യത്തോടെ, നിയമം നടപ്പിലാക്കേണ്ടത് ജുഡീഷ്യറിയാണ്.'- മാക്രോണ്‍ എക്‌സില്‍ കുറിച്ചു.