വാഷിങ്ടണ്‍ : ഗാസ മുനമ്പിലെ പട്ടിണിയെ കുറിച്ചുള്ള യുഎസ് ഏജൻസിയുടെ റിപ്പോര്‍ട്ട് പിൻവലിച്ചതില്‍ ജോ ബൈഡൻ ഭരണകൂടത്തിനെതിരെ വിമര്‍ശനം. ആഗോളതലത്തിലെ ഭക്ഷ്യ പ്രതിസന്ധികളെ കുറിച്ച് വിശകലനം ചെയ്‌ത് വിവരങ്ങള്‍ പുറത്തുവിടുന്ന ഫെമൈൻ ഏർലി വാണിങ് സിസ്റ്റംസ് നെറ്റ്‌വർക്കിൻ്റെ (FEWS NET) റിപ്പോർട്ടാണ് പിൻവലിച്ചത്. ഇസ്രയേല്‍ അനുകൂല പക്ഷപാതത്തെയും രാഷ്‌ട്രീയ ഇടപെടലുകളെയും തുടര്‍ന്നാണ് യുഎസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പിൻവലിച്ചതെന്നാണ് ഉയരുന്ന ആരോപണം.
ഏകദേശം 80 ദിവസത്തോളമായി വടക്കൻ ഗാസയിലെ ഉപരോധിക്കപ്പെട്ട പ്രദേശങ്ങളിലേക്കുള്ള മാനുഷികവും വാണിജ്യപരവുമായ ഭക്ഷ്യ വിതരണങ്ങൾ ഇസ്രയേല്‍ പൂര്‍ണമായും തടഞ്ഞിരിക്കുകയാണെന്നാണ് ഡിസംബര്‍ 23ന് FEWS NET വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുന്ന ജബലിയ, ബൈത് ലാഹിയ, ബൈത് ഹാനൂന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഭക്ഷ്യ വിതരണമാണ് ഇസ്രയേല്‍ തടഞ്ഞിരുന്നത്. ഈ പ്രദേശങ്ങളില്‍ വെള്ളം, ശുചിത്വം, ആരോഗ്യ സേവനങ്ങൾ എന്നിവയുടെ ലഭ്യത മോശമാകുന്നതിൻ്റെ അടിസ്ഥാനത്തില്‍ കടുത്ത ക്ഷാമം ഉണ്ടാകാനാണ് സാധ്യത.
മേഖലയിലേക്കുള്ള ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട ഇസ്രയേലി നയത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ പ്രതിദിനം രണ്ട് മുതല്‍ 15 പേര്‍ക്ക് വരെ ജീവൻ നഷ്‌ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇസ്രയേലിലെ യുഎസ് അംബാസഡര്‍ ജേക്കബ് ലൂ വിമര്‍ശനവുമായി രംഗത്തെത്തി. FEWS NET റിപ്പോര്‍ട്ട് നിരുത്തരവാദപരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വടക്കൻ ഗാസയിലെ അതിവേഗം മാറുന്ന സാഹചര്യങ്ങള്‍ കണ്ടെത്തുന്നതില്‍ ഏജൻസി പരാജയപ്പെട്ടുവെന്നും വ്യക്തമാക്കി.