ദാവോസ് (സ്വിറ്റ്‌സർലൻഡ്) : ബിസിനസ് സംരംഭകരെ അമേരിക്കയിലേക്ക് ക്ഷണിച്ച് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. നികുതി ഇളവ് വാഗ്‌ദാനം ചെയ്‌താണ് ട്രംപിൻ്റെ പ്രഖ്യാപനം. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേള്‍ഡ് ഇക്കോണമി ഫോറത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ് ഉത്‌പന്നങ്ങള്‍ അമേരിക്കയിൽ ഉത്‌പാദിപ്പിക്കണമെന്നും ലോകത്തുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ നികുതി നിരക്കിൽ അമേരിക്ക നിങ്ങളെ സഹായിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. മറ്റ് പലയിടങ്ങളിലും വലിയ താരിഫ് നൽകേണ്ടി വരും. ഉത്‌പന്നങ്ങള്‍ അമേരിക്കയിൽ ഉത്‌പാദിപ്പിച്ചാൽ കുറഞ്ഞ താരിഫിൽ നിങ്ങളെ സഹായിക്കാൻ അമേരിക്കയ്‌ക്ക് സാധിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
പുറം രാജ്യങ്ങളിലെ ഉത്‌പാദനത്തിന് ചെലവാക്കുന്ന പണം യുഎസിൽ വിനിയോഗിച്ചാൽ ബില്ല്യണ്‍, ത്രില്ല്യണ്‍ ഡോളറുകള്‍ ലാഭിക്കാം. അതുവഴി കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാൻ സാധിക്കും. ബിസിനസിന് അമേരിക്കയേക്കാള്‍ നല്ലൊരു സ്ഥലമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിൻ്റെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്താനായാണ് ട്രംപിൻ്റെ പ്രഖ്യാപനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക