ന്യൂയോർക്ക് (യുഎസ്) :ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചെന്ന കേസില്‍ യുഎസ് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരന്‍. കൃത്രിമം നടത്തിയെന്ന് ആരോപിക്കപ്പെട്ടത 34 എണ്ണത്തിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ ചരിത്രത്തിൽ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ മുൻ പ്രസിഡന്‍റാണ് ട്രംപ്.
രണ്ട് ദിവസങ്ങളിലായി ഏകദേശം 12 മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് ന്യൂയോര്‍ക്ക് ജൂറി വിധി പ്രസ്‌താവിച്ചത്. ജൂലൈ 11ന് ട്രംപിന്‍റെ ശിക്ഷ വിധിയ്‌ക്കും. പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായി ഉണ്ടായിരുന്ന ലൈംഗിക ബന്ധം മറച്ചുവയ്‌ക്കാന്‍ സ്റ്റോമിയ്‌ക്ക് പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് കേസ്.
2016ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കവെയാണ് ഡൊണാള്‍ഡ് ട്രംപ്, സ്റ്റോമി ഡാനിയേല്‍സിന് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. കേസില്‍ സ്റ്റോമി നേരത്തെ ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരായിരുന്നു. ട്രംപുമായുള്ള ബന്ധം അന്ന് സ്റ്റോമി വിശദമായി കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്‌തിരുന്നു.
2006ലാണ് താന്‍ ട്രംപിനെ കണ്ടുമുട്ടിയതെന്നും ട്രംപ് അവതരിപ്പിച്ചിരുന്ന ദി അപ്രന്‍റിസ് എന്ന റിയാലിറ്റി ഷോയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നും സ്റ്റോമി കോടതിയില്‍ പറഞ്ഞു. എന്നാല്‍ അവസരം ലഭിക്കാതെ വന്നതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു സ്റ്റോമി.
ട്രംപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന് അറിഞ്ഞതോടെ തന്‍റെ ഓര്‍മക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പുസ്‌തകത്തില്‍ ട്രംപുമായി ഉണ്ടായിരുന്ന ബന്ധം കൂടി ഉള്‍പ്പെടുത്താമെന്നും പുസ്‌തകം വിറ്റുപോകാന്‍ ഇത് സഹായിക്കുമെന്നും പുസ്‌തകത്തിന്‍റെ പബ്ലിസിറ്റി ചാര്‍ജ് ഉണ്ടായിരുന്ന കീത്ത് ഡേവിഡ്‌സണ്‍ പയുകയായിരുന്നു. പിന്നാലെയാണ് സംഭവം പുറത്തറിയാതിരിക്കാന്‍ ട്രംപിന്‍റെ അഭിഭാഷകന്‍ മുഖേന ഉടമ്പടി ഉണ്ടാക്കുകയും ഇത് പ്രകാരം തനിക്ക് 1.30 ലക്ഷം ഡോളര്‍ നല്‍കുകയും ചെയ്‌തതെന്നായിരുന്നു സ്റ്റോമിയുടെ മൊഴി.
അതേസമയം, കേസ് കെട്ടിച്ചമച്ചത് എന്നായിരുന്നു വിധി കേട്ട് പുറത്തിറങ്ങിയ ട്രംപിന്‍റെ പ്രതികരണം. തന്‍റെ രാഷ്‌ട്രീയ എതിരാളിയെ തകര്‍ക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് വിധി. മുന്നോട്ടും താന്‍ പോരാടുമെന്നും ട്രംപ് പറഞ്ഞു.
ALSO READ :സ്റ്റോമി ഡാനിയേല്‍സുമായുള്ള പണമിടപാട്; ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ ഏപ്രിലില്‍