സുഡാൻ : കനത്ത മഴയെ തുടർന്ന് സുഡാനിൽ മരിച്ചവരുടെ എണ്ണം 138 കടന്നു. സുഡാനിലെ പത്ത് സംസ്ഥാനങ്ങളിൽ ഇതുവരെ പെയ്‌ത കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 138 ആയതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 129,650 ലധികം ആളുകൾ അടങ്ങുന്ന 31,666 കുടുംബങ്ങളെ മഴ ബാധിച്ചു. 12,420 വീടുകൾ പൂർണമായും തകർന്നുവെന്നും രാജ്യ ആരോഗ്യ മന്ത്രാലയത്തിന്‍റെ ശരത്‌കാല എമർജൻസി കൺട്രോൾ റൂം ഇന്നലെ പുറത്തുവിട്ട പ്രസ്ഥാവനയിൽ പറഞ്ഞു.
അതേസമയം സുഡാനിൽ അഞ്ച് സംസ്ഥാനങ്ങളിലായി 102 പുതിയ കോളറ കേസുകളും 5 കോളറ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ 1,223-ഉം, മരണം 8-ഉം ആയി എന്ന് പ്രസ്ഥാവനയിൽ പറഞ്ഞു. സുഡാനിൽ ആവർത്തിച്ച് കണ്ടുവരുന്ന ഒരു ഗുരുതര പ്രശ്‌നമാണ് വെള്ളപ്പൊക്കം, സാധാരണയായി ജൂൺ മുതൽ ഒക്‌ടോബർ വരെയാണ് വെള്ളപ്പൊക്കം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്‌ത മഴയിൽ ജീവഹാനിയും കൃഷിഭൂമിക്കുൾപ്പെടെ നിരവധി നാശനഷ്‌ടങ്ങൾ ഉണ്ടായതായി സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു.
2023 ഏപ്രിൽ പകുതിയോടെ സുഡാനീസ് ആംഡ് ഫോഴ്‌സും, അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. കോളറ, മലേറിയ, അഞ്ചാംപനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു, നൂറുകണക്കിന് ആളുകൾ മരിച്ചു. ഓഗസ്റ്റ് 17 ന് സുഡാൻ ആരോഗ്യമന്ത്രി ഹൈതം മുഹമ്മദ് ഇബ്രാഹിം രാജ്യത്ത് കോളറ പൊട്ടിപ്പുറപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.