സിൻജിയാങ് : ചൈനയിലെ സിൻജിയാങ്ങിന്‍റെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ ഉയ്‌ഗര്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിർബന്ധിത അവയവ ശേഖരണം ഉള്‍പ്പടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം മെഡിക്കൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ട്, ഉയ്‌ഗര്‍ മുസ്‌ലീം വംശജരില്‍ നിന്ന് ജനിതക വിവരങ്ങൾ ശേഖരിച്ചതായി മാർച്ചിൽ നടന്ന യുഎസ് കോൺഗ്രസ് കമ്മിറ്റി ഹിയറിങ്ങിൽ വിദഗ്‌ധർ അവകാശപ്പെട്ടിരുന്നു.
ഉയ്‌ഗര്‍ വംശത്തിലെ കുട്ടികളില്‍ നിന്ന് ചൈന നിര്‍ബന്ധിതമായി അവയവങ്ങള്‍ എടുത്ത് മാറ്റുന്നുവെന്ന് ഉയ്‌ഗര്‍-അമേരിക്കൻ രാഷ്‌ട്രീയക്കാരനായ സാലിഹ് ഹുദയാർ വെളിപ്പെടുത്തി. 'കുട്ടികളുടെ അവയവം മാറ്റിവയ്ക്കൽ കേന്ദ്രം ചൈന ഉദ്ഘാടനം ചെയ്‌തു. ഉയ്‌ഗ്വര്‍ വംശഹത്യയുടെ ഭാഗമായി ചൈന ഉയ്‌ഗറുകളുടെ അവയവങ്ങൾ എടുത്ത് 'ഹലാൽ അവയവങ്ങൾ' എന്ന പേരില്‍ വിൽക്കുകയാണ്. 2014 മുതൽ, ഏകദേശം ഒരു ദശലക്ഷത്തോളം ഉയ്‌ഗര്‍ കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്ന് നിർബന്ധിതമായി വേർപെടുത്തിയെന്നും സാലിഹ് ഹുദയാർ എക്‌സില്‍ കുറിച്ചു.