സാന്‍റിയാഗോ :ചിലിയില്‍ വിന ഡെൽമാറിലെ കാട്ടുതീയില്‍ 46 പേര്‍ വെന്തുമരിച്ചതായി റിപ്പോര്‍ട്ട്. 200ലേറെ പേരെ കാണാതാവുകയും 1100-ഓളം പേര്‍ക്ക് വീട് നഷ്‌ടമാവുകയും ചെയ്‌തിട്ടുണ്ട്. മേഖലയിലെ 43,000 ഹെക്‌ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരം.
ഉയര്‍ന്ന താപനിലയ്‌ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്നാണ് തീ കൂടുതല്‍ വ്യാപിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനത്തേയും ഇത് ബാധിച്ചിട്ടുണ്ട്. രാജ്യത്ത് 92 സ്ഥലങ്ങളില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്‌തതായി ചിലിയൻ ആഭ്യന്തര മന്ത്രി കരോലിന തോഹ മാധ്യമങ്ങളോട് വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനം കാര്യക്ഷമം ആക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഭരണകൂടം സാധ്യമായ ഇടപെടലുകളെല്ലാം നടത്തുന്നതായി ചിലി പ്രസിഡന്‍റ് ഗബ്രിയേല്‍ ബോറിക് പറഞ്ഞു. പ്രിയപ്പെട്ടവരെയും വീടും നഷ്‌ടപ്പെടുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. ഇത്തരത്തില്‍ ഒരു സാഹചര്യത്തില്‍ സാങ്കേതികമായും മാനുഷികമായും ഇരകള്‍ക്കായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാജ്യത്ത് കാട്ടുതീ നാശം വിതച്ച പശ്ചാത്തലത്തില്‍ മധ്യ ചിലിയുടെ പല പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ പാലായനം ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അപകട സാധ്യത കൂടുതലുള്ള മേഖലകളില്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍, വിദ്യാഭ്യാസ മന്ത്രാലയം 20 അഭയകേന്ദ്രങ്ങളാണ് മധ്യ ചിലിയുടെ വിവിധ ഭാഗങ്ങളിലായി തുറന്നിരിക്കുന്നത്. പ്രസിഡന്‍റ് ഗബ്രിയേല്‍ ബോറിക് ദുരന്തബാധിത മേഖലകളിലൂടെ ഹെലികോപ്‌ടറില്‍ സഞ്ചരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് നടത്താനിരുന്ന വിവിധ പരിപാടികള്‍ താത്‌കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ചിലി ഉള്‍പ്പടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ കടുത്ത ഉഷ്‌ണ തരംഗത്തെയാണ് നേരിടുന്നത്. 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് നിലവില്‍ മേഖലയിലെ ശരാശരി താപനില. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും രാജ്യത്ത് കാട്ടുതീ പടര്‍ന്നുപിടിച്ചിരുന്നു. 400,000 ഹെക്‌ടര്‍ പ്രദേശത്തായിരുന്നു അന്ന് തീ വ്യാപിച്ചത്. ഈ ദുരന്തത്തില്‍ 20ല്‍ അധികം പേര്‍ക്കായിരുന്നു ജീവന്‍ നഷ്‌ടമായത്.