ഇസ്‌ലാമാബാദ്:പാകിസ്ഥാൻ മൺസൂൺ കാലത്തിലേക്ക് നീങ്ങുമ്പോൾ മഴക്കെടുതിയിൽ നിർധനരായ കർഷക കുടുംബങ്ങളെ വരവേൽക്കുന്നത് കൊടും പട്ടിണി മാത്രം. പണത്തിനായി പ്രായപൂർത്തിയാവാത്ത പെൺമക്കളെ വിവാഹം ചെയ്യുക എന്നതാണ് ദാരിദ്രത്തെ അതിജീവിക്കാൻ ഇവർ കണ്ടെത്തുന്ന പോംവഴി. കാലാവസ്ഥ പ്രേരിതമായ സാമ്പത്തിക അരക്ഷിതാവസ്ഥയാണ് പാക്കിസ്ഥാനിൽ ശൈശവ വിവാഹം വർധിക്കുന്നതിന് പ്രധാന കാരണമാകുന്നത്.
2022ൽ പാകിസ്ഥാനിലെ ദാദു ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം, ഗ്രാമങ്ങളിൽ ശൈശവവിവാഹം വർധിച്ചതായി ശൈശവ വിവാഹത്തിനെതിരെ പോരാടുന്ന സുജാഗ് സൻസാർ എന്ന എൻജിഒയുടെ സ്ഥാപകൻ മഷൂഖ് ബിർഹ്മാനി പറയുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്താണെന്നുവച്ചാൽ വെള്ളപ്പൊക്കമുണ്ടായാൽ കൂടുതൽ നാശനഷ്‌ടങ്ങളുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണിത്. മാസങ്ങളോളം ഇവിടുത്തെ കൃഷി ഭൂമികളിൽ വെള്ളം കെട്ടിക്കിടക്കും. ഇതോടെ കൃഷി നശിക്കും. പുതിയ കൃഷിയിറക്കാൻ സാധിക്കാതെ വരുന്നതോടെ പ്രദേശത്തെ കർഷക കുടുംബങ്ങൾ പട്ടിണിയിലാവും. ഇതില്‍ നിന്ന് രക്ഷ നേടാൻ പെൺമക്കളെ വിവാഹം ചെയ്യുമ്പോൾ ഭർതൃവീട്ടിൽ നിന്നും ലഭിക്കുന്ന പണം ഇവർ ഉപയോഗിക്കും.
ഇത്തരത്തിൽ ഖാൻ മുഹമ്മദ് മല്ല എന്ന ഗ്രാമത്തിൽ നിന്നും കഴിഞ്ഞ ജൂണിൽ വിവാഹിതരായവരാണ് 14 കാരിയായ ഷാമിലയും സഹോദരി 13 കാരിയായ ആമിനയും. ഭർതൃവീട്ടുകാരിൽ നിന്നും ലഭിക്കുന്ന പണത്തിനുവേണ്ടി ഇവരുടെ മാതാപിതാക്കൾ എടുത്തതാണ് ഈ തീരുമാനം. ഖാൻ മുഹമ്മദ് മല്ല എന്ന ഗ്രാമത്തിൽ മാത്രം കഴിഞ്ഞ മൺസൂണിന് ശേഷം വിവാഹിതരായത് 45 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. അവരിൽ 15 പേരും ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ വിവാഹിതരായവരാണ്.
'2022ലെ മഴക്കാലത്തിന് മുമ്പുവരെ ഞങ്ങളുടെ ഗ്രാമത്തിൽ ഇത്ര ചെറുപ്പത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിക്കേണ്ട ആവശ്യമില്ലായിരുന്നു. അവർ വയലുകളിൽ പണിയെടുക്കുമായിരുന്നു." ഗ്രാമത്തിലെ മൂപ്പനായ മൈ ഹജാനി പറഞ്ഞു. ഷാമിലയെ തന്‍റെ മകൻ വിവാഹം ചെയ്‌തപ്പോൾ അവളുടെ വീട്ടുകാർക്ക് പകരം നൽകിയത് 2 ലക്ഷം രൂപയാണെന്ന് ഭർതൃമാതാവ് ബിബി സച്ചൽ പറഞ്ഞു.
തന്നേക്കാൾ ഇരട്ടി പ്രായമുള്ള പുരുഷനെയാണ് ഷാമിലയ്‌ക്ക് വിവാഹം ചെയ്യേണ്ടി വന്നത്. "വിവാഹിതയാകുമെന്ന് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായിരുന്നു. വിവാഹത്തിന് ശേഷം ദാരിദ്രമുണ്ടാകില്ല. എൻ്റെ ജീവിതം കൂടുതൽ എളുപ്പമാകുമെന്ന് ഞാൻ കരുതിയെന്നും ഷാമില എഎഫ്‌പിയോട് പറഞ്ഞു.
"എനിക്കൊരു ലിപ്‌സ്റ്റിക് കിട്ടുമെന്ന് ഞാൻ കരുതി"-വിവാഹിതയായ 14കാരി നജ്‌മ അലി:
വിവാഹമെന്ന് കേട്ടപ്പോൾ 14ാം വയസിൽ വിവാഹിതയായ നജ്‌മ അലി വളരെ ആവേശത്തിലായിരുന്നു. 2022ലാണ് നജ്‌മയുടെ വിവാഹം നടന്നത്. വിവാഹത്തിന് ഭർതൃമാതാപിതാക്കൾ നൽകിയത് 2,50,000 രൂപ. എന്നാൽ അത് കടമെടുത്താണ് അവർ നൽകിയത്. ഇപ്പോഴാണെങ്കിൽ പണം തിരിച്ചടക്കാനാവാതെ നജ്‌മയുടെ ഭർത്താവിന്‍റെ കുടുംബം പ്രതിസന്ധിയിലാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അമ്മ കൂടിയാണ് ഇപ്പോൾ നജ്‌മ.