കറാച്ചി:പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. ഹൈദരാബാദിൽ നിന്ന് വിവാഹ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തില്‍പ്പെട്ടത്. മോറോയ്ക്ക് സമീപമുളള ദേശീയപാതയിൽ തിങ്കളാഴ്‌ച (ഡിസംബര്‍ 30) രാത്രിയാണ് അപകടമുണ്ടായതെന്ന് ഡെപ്യൂട്ടി കമ്മിഷണർ അർസലൻ സലീം പറഞ്ഞു. മരിച്ചവരില്‍ 8 പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.
20 ഓളം പേർ പങ്കെടുത്ത വിവാഹ വിരുന്നിൽ 12 പേരും മരിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടി ഇന്ന് (ഡിസംബര്‍ 31) രാവിലെ കറാച്ചിയിലെ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും മെച്ചപ്പെട്ട ചികിത്സക്കായി ഇവരെ നവാബ്‌ഷായിലെയും കറാച്ചിയിലെയും ആശുപത്രിയിലേക്ക് മാറ്റിയതായും മോറോ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ അറിയിച്ചു.