നാല് പതിറ്റാണ്ടോളം നീളുന്ന നയതന്ത്ര ബന്ധം. പക്ഷെ ആദ്യ സന്ദർശനം. ഇതാണ് മോദിയുടെ ഇത്തവണത്തെ ബ്രൂണെയ് സന്ദർശനം. ചരിത്രപ്രാധാന്യമുള്ള ഈ സന്ദർശനവേളയിൽ ഏവരുടെയും കണ്ണുപതിയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ബ്രൂണെയ് സുൽത്താൻ ഹസനാൽ ബോൾക്കിയയുടെ ആരെയും അത്ഭുതപ്പെടുത്തുന്ന ആഢംബര ജീവിതം. ലോകത്തിൽ തന്നെ ആഢംബരത്തിന്‍റെ അവസാനവാക്കായി മാറിയ സുൽത്താന്‍ ഹസനാൽ ബോൾക്കിയുടെ ആസ്‌തി ഊഹിക്കാവുന്നതിനും അപ്പുറമാണ്.
30 ബില്യൺ ഡോളറാണ് എലിസബത്ത് രാജ്ഞിക്ക് (II) ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച ഈ ഭരണാധികാരിയുടെ ആസ്‌തി. സുൽത്താൻ സൈഫുദ്ദീൻ സിംഹാസനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് 1967ലാണ് ബ്രൂണെയ്‌യുടെ പരമാധികാര സ്ഥാനത്ത് ഹസനാൽ ബോൾക്കിയെത്തുന്നത്. 1968ൽ കിരീടമണിഞ്ഞ അദ്ദേഹം ബ്രൂണെയുടെ പ്രതിരോധ മന്ത്രിയും ധനമന്ത്രിയും കൂടിയാണ്.
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരത്തിനുടമയെന്ന ഗിന്നസ് റെക്കോർഡുള്ള സുൽത്താന്‍റെ ശേഖരത്തിൽ 7000ത്തോളം ആഢംബര വാഹനങ്ങളാണുള്ളത്. അതും റോൾസ് റോയ്‌സ്, ഫെറാറി ബെന്‍റ്ലി ഉൾപ്പെടെയുള്ള കാറുകൾ. 600 റോൾസ് റോയ്‌സ് കാറുകളും 450 ഫെരാരികളും 380 ബെന്‍റ്ലികളും ഇദ്ദേഹത്തിനുണ്ടെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.
2007ൽ മകളുടെ വിവാഹത്തിനായി ഇദ്ദേഹം 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്‌സ് കാറും സ്വന്തമാക്കിയിരുന്നു. 90കളിൽ ലോകത്തിലെ റോൾസ് റോയിസ് കാറുകളുടെ പകുതിയിലധികവും അദ്ദേഹത്തിന്‍റെ കൈവശമായിരുന്നു എന്നാണ് പറയപ്പെടുന്നത്. 80 മില്യൺ ഡോളർ വിലമതിക്കുന്ന ബെന്‍റ്ലി ഡോമിനാർ എസ്‌യുവി, പോർഷെ 911 തുടങ്ങിയവും അദ്ദേഹത്തിന്‍റെ കമനീയമായ കാർ ശേഖരത്തെ അലങ്കരിക്കുന്നു. ഏകദേശം 5 ബില്യൺ ഡോളറോളമാണ് കാർ ശേഖരത്തിന്‍റെ മാത്രം മൂല്യം കണക്കാക്കുന്നത്.