കേരളം

kerala

ETV Bharat / international

ബ്രസീലില്‍ എക്‌സിന് നിരോധനം; ഉപയോഗിച്ചാല്‍ പ്രതിദിനം 9,000 ഡോളര്‍ പിഴ - BRAZIL BANS X PLATFORM - BRAZIL BANS X PLATFORM

നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന ബ്രസീല്‍ കോടതി നിർദേശം അവഗണിച്ച എക്‌സിനെ ബ്രസീലില്‍ നിരോധിച്ചു.

X BAN IN BRAZIL  ELON MUSK BRAZIL  ബ്രസീല്‍ എക്‌സ് നിരോധനം  ഇലോണ്‍ മസ്‌ക്
X logo (ETV Bharat)

By ETV Bharat Kerala Team

Published : Sep 3, 2024, 7:37 AM IST

ബ്രസീൽ: സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് നിരോധിച്ച് ബ്രസീല്‍. രാജ്യത്ത് ഒരു നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന ബ്രസീല്‍ കോടതി നിർദേശം പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ആഴ്‌ച ബ്രസീലിലെ ഒരു ജഡ്‌ജി ഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതിയിലെ അഞ്ച് ജഡ്‌ജിമാരും ഏകകണ്‌ഠമായി ശരിവെക്കുകയായിരുന്നു.

എൻക്രിപ്റ്റ് ചെയ്‌ത കണക്ഷൻ വഴിയോ മറ്റോ എക്‌സ് ഉപയോഗിച്ചാല്‍ പിടിക്കപ്പെടുന്ന കമ്പനികൾക്കും വ്യക്തികൾക്കും പ്രതിദിനം 50,000 റിയെയ്‌സ് (9,000 യുഎസ് ഡോളര്‍) വരെ പിഴ ചുമത്തുമെന്നും കോടതി അറിയിച്ചു. നിയമവാഴ്‌ച ഉള്ള ഒരു രാജ്യത്ത് അവ പാലിക്കാതെ ഒരു കമ്പനിക്ക് പ്രദേശത്ത് പ്രവർത്തിക്കാനോ അതിന്‍റെ കാഴ്‌ചപ്പാട് അടിച്ചേൽപ്പിക്കാനോ സാധ്യമല്ലെന്ന് ജസ്റ്റിസ് ഫ്ലാവിയോ ഡിനോ വ്യക്തമാക്കി. കോടതി വിധികൾ അനുസരിക്കുന്നതിൽ മനപൂർവ്വം വീഴ്‌ചവരുത്തുന്ന കക്ഷി നിയമവാഴ്ചയ്ക്ക് മുകളിലാണെന്ന് സ്വയം കരുതുകയാണെന്നും അതിനാൽ അത് നിയമവിരുദ്ധമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ജഡ്‌ജിമാരും അഭിപ്രായത്തെ പിന്തുണച്ചു. അതേസമയം കോടതി വിധികൾ പാലിച്ചാൽ എക്‌സിന് മേലുള്ള വിലക്ക് പിൻവലിക്കാനാകുമെന്ന് ജഡ്‌ജിമാരിൽ ചിലർ വ്യക്തമാക്കി.

വോട്ടർമാരുടെ സ്വതന്ത്ര തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, ജനാധിപത്യ നിയമവാഴ്‌ചയ്‌ക്കെതിരായ ആക്രമണങ്ങൾ എന്നിവ വൻതോതിൽ എക്‌സിലൂടെ പ്രചരിപ്പിക്കാൻ അനുവദിച്ച ഇലോണ്‍ മസ്‌കിനെ കോടതി വിധിയില്‍ 'കുറ്റവാളി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

രാജ്യത്തെ എല്ലാ ടെലികോം ദാതാക്കളോടും എക്‌സ് അടച്ചുപൂട്ടാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് അലക്‌സാണ്ടർ ഡി മൊറേസിന്‍റെ ഉത്തരവ് എക്‌സ് പാലിക്കുകയും 3 മില്യൺ ഡോളറിലധികം രൂപ പിഴ അടയ്‌ക്കുകയും ചെയ്യുന്നത് വരെ നിരോധനം തുടരും.

ഉത്തരവ് പറപ്പെടുവിച്ച മൊറേസിനെ സ്വേച്ഛാധിപതി എന്ന് വിശേഷിപ്പിച്ചാണ് മസ്‌ക് നടപടിയില്‍ പ്രതികരിച്ചത്. ഇലോണ്‍ മസ്‌ക് എക്‌സ് സ്വന്തമാക്കിയതിന് ശേഷം ഉള്ളടക്ക മോഡറേഷൻ ടീമുകളെ കുറയ്ക്കുകയും തീവ്ര വലതുപക്ഷ ഉള്ളടക്കവും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും ഫീഡിൽ കൂടുതലായി ഉള്‍പ്പടുത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

കമ്പനിയുടെ വലിയ വിപണികളിലൊന്നായ ബ്രസീലിലെ നിരോധനം എക്‌സിന് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍. പരസ്യ വരുമാനം പ്രയോജനപ്പെടുത്താൻ മസ്‌ക് ബുദ്ധിമുട്ടുന്ന സമയത്താണ് വിലക്കും വന്നിരിക്കുന്നത് എന്നതും പ്രധാനമാണ്. ഏകദേശം 215 ദശലക്ഷം ജനസംഖ്യയുള്ള ബ്രസീലിൽ 40 ദശലക്ഷം എക്‌സ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.

Also Read :എക്‌സില്‍ ഇനിയാരും കാണാതെ ലൈക്ക് അടിക്കാം: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്

ABOUT THE AUTHOR

...view details