ജറുസലേം/ടെൽ അവീവ്: ഹമാസ് ആയുധം വച്ച് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്‌താൽ തൊട്ടടുത്തദിവസം യുദ്ധം നിർത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളെ മടക്കിക്കൊണ്ടുവരുന്നതിനായി ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ യുദ്ധം നിർത്തില്ലെന്നും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.
ബന്ദികളെ കൈമാറിയാൽ ശേഷിക്കുന്ന ഹമാസുകാരുടെ ജീവൻ നഷ്‌ടമാകില്ല. അവരെ ഉപദ്രവിക്കുന്നവർക്കെതിരെ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹമാസ് തലവൻ യഹ്‌യ സിൻവാറിനെ വധിച്ചതായി ഇസ്രയേൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
തെക്കൻ ഗാസയിലെ റാഫയിൽ ബുധനാഴ്‌ച ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൻ്റെ സൂത്രധാരന്‍ കൂടിയായ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടത്. മേഖലയിലുണ്ടായിരുന്ന ഇസ്രയേൽ സൈന്യത്തിൻ്റെ 828-ാം ബ്രിഗേഡാണ് ഡ്രോൺ നിരീക്ഷണത്തിലൂടെ സിൻവാറിൻ്റെ താവളം കണ്ടെത്തുകയും കൊലപ്പെടുത്തുകയും ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.