ന്യൂയോര്‍ക്ക് :യുഎസിലെ ബാള്‍മോട്ടിമോറില്‍ പാലം തകർത്ത കപ്പൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടേത്. പാലക്കാടുകാരനായ ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് എന്ന കമ്പനിയ്ക്കായിരുന്നു കപ്പലിന്‍റെ മാനേജിങ് ചുമതല.
സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ‘ഡാലി’യെന്ന ചരക്കുകപ്പലാണ് ഇന്നലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്‍റെ തൂണില്‍ ഇടിച്ച് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.
അപകട സമയത്ത് പാലത്തിലൂടെ സഞ്ചരിച്ചവരും പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും നദിയില്‍ പതിച്ചു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായിരുന്നുവെന്നാണ് നേരത്തെ ലഭിച്ച റിപ്പോര്‍ട്ടുകള്‍. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരാണ്.
അപകടത്തിന് പിന്നാലെ ഇന്നലെ (മാര്‍ച്ച് 26) മണിക്കൂറുകളോളം നീളുന്ന രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും ആറ് പേരെ കണ്ടെത്താനായില്ല. പാലത്തിന്‍റെ അറ്റകുറ്റ പണികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെയാണ് കാണാതായത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായതിനെ തുടർന്ന് തെരച്ചില്‍ അവസാനിപ്പിച്ച് ആറുപേരുടെയും മരണം സ്ഥിരീകരിച്ചു.
പാലം തകർന്നു വീഴുന്നതിനു മുൻപേ ഇരുവശത്തും നിന്നുമുള്ള ഗതാഗതം തടഞ്ഞാതിനാൽ ദുരന്തത്തിന്‍റെ വ്യാപ്‌തി കുറക്കാൻ സാധിച്ചു. കപ്പലിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കപ്പിലിലെ അപായ സന്ദശം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി.
പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 1.30നാണ് അപകടമുണ്ടായത്. 4679 ടണ്‍ ചരക്കുമായി ബാള്‍ട്ടിമോറില്‍ നിന്നും കൊളംബോയിലേക്ക് പോകുന്നതിനിടയിലാണ് അപകടം (The Baltimore Bridge Collapsed). ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി വ്യക്തമാക്കി. ആര്‍ക്കും പരിക്കില്ല. കപ്പല്‍ മൂലം മലിനീകരണവും ഉണ്ടായിട്ടില്ല. അപകടത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. വിദഗ്‌ധരെത്തി കപ്പല്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കിയെന്നും കമ്പനി അറിയിച്ചു.