ഗാസ: ഒക്‌ടോബർ 7-ന്‍റെ പ്രഭാതത്തില്‍ ഗാസയുടെ ആകാശത്ത് ഇസ്രയേലിന്‍റെ റോക്കറ്റുകൾ പാഞ്ഞുനടക്കുമ്പോള്‍ പ്രസവവേദനയുമായി അടുത്തുള്ള നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ ആശുപത്രിയിലേക്ക് ഓടിക്കയറിയതാണ് അമൽ അൽ-തവീൽ. മൂന്ന് വര്‍ഷമായി അമൽ അൽ-തവീലും ഭര്‍ത്താവ് മുസ്‌തഫയും കാത്തിരുന്ന അവരുടെ കുഞ്ഞ് 'അലി' അന്ന് ആ ക്യാമ്പിലാണ് പിറന്ന് വീണത്.
ഗാസയ്‌ക്ക് സമീപമുള്ള ബെയ്റ്റ് ലാഹിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നിന്ന് അഭയം പ്രാപിച്ച റോള സാക്കറും അന്നാണ് തന്‍റെ കുഞ്ഞിന് ജന്മം നല്‍കുന്നത്. കാതടപ്പിക്കുന്ന സ്ഫോടന ശബ്‌ദങ്ങള്‍ വകവെക്കാതെയാണ് ആ രാത്രിയിൽ ഭർത്താവ് മുഹമ്മദ് സഖൗത്തിനൊപ്പം അവര്‍ ആശുപത്രിയിലേക്ക് ഓടിയത്. റോള സാക്കറും ഭർത്താവ് മുഹമ്മദ് സഖൗത്തും അഞ്ച് വർഷമായി കാത്തിരുന്ന കുഞ്ഞ് അന്നാ കലാപ ഭൂമിയില്‍ പിറന്നു. അറബിയിൽ വജ്രം എന്നർത്ഥം വരുന്ന 'മാസ' എന്ന് അവര്‍ കുഞ്ഞിന് പേര് നല്‍കി.
ഈ കുരുന്നുകള്‍ ഭൂമിയിലെത്തിയതിന്‍റെ രണ്ടാം നാളാണ് ഇസ്രയേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത്. അലിയും മാസയും കൈകാലടിച്ചും തൊട്ടിലാടിയും കഴിയേണ്ട തങ്ങളുടെ വീടുകളില്‍ പക്ഷേ യുദ്ധവിമാനങ്ങൾ കുതിച്ചുകയറുകയാണുണ്ടായത്. തങ്ങളുടെ കുട്ടികള്‍ക്ക് ആറ് മാസം തികയുമ്പോഴും സമാധാനമെന്തെന്ന് അറിയാതെ കഴിയുകയാണ് ദമ്പതികൾ.
ഈ കുടുംബങ്ങളുടെ വീടുകൾ വ്യോമാക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. പാർപ്പിടത്തിനും ശരിയായ വൈദ്യ ചികിത്സയ്ക്കുമുള്ള സാഹചര്യം ഇല്ല. തങ്ങളുടെ കുട്ടികൾക്ക് നൽകാൻ ആഗ്രഹിച്ച ജീവിതം യുദ്ധം ഇല്ലാതാക്കുമോ എന്ന ഭയത്തിലാണ് അവര്‍ ഓരോ നിമിഷവും കഴിയുന്നത്.
'മനോഹരമായ ഒരു ജീവിതത്തിനായി ഞാൻ അവനെ ഒരുക്കുകയായിരുന്നു, എന്നാൽ യുദ്ധം അതെല്ലാം തകിടം മറിച്ചു. ഞങ്ങൾ ഓരോ ദിവസവും കഷ്‌ടിച്ചാണ് തള്ളി നീക്കുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്കറിയില്ല.'-അമൽ അൽ-തവീൽ മാധ്യമങ്ങളോട് പറഞ്ഞു.
'ഇത് എന്‍റെ ഏക മകളാണ്. ഞാൻ അവൾക്കായി വസ്‌ത്രങ്ങള്‍ അടക്കം കരുതി വെച്ചിരുന്നു. യുദ്ധത്തിന് ഒരാഴ്‌ച മുമ്പാണ് ഞാൻ അവൾക്കായി ഒരു അലമാര വാങ്ങിയത്. അവളുടെ ജന്മദിനാഷോമടക്കം എല്ലാം ഞാൻ പ്ലാൻ ചെയ്‌തിയിരുന്നു. യുദ്ധം വന്ന് എല്ലാം നശിപ്പിച്ചു.'-അമൽ അൽ-തവീൽ പറഞ്ഞു.
കുഞ്ഞ് ജനിച്ച് ആദ്യ ദിനങ്ങൾ അൽ-തവീല്‍ അവരുടെ വീട്ടിലും ബന്ധു വീടുകളിലുമായാണ് കഴിഞ്ഞത്. പിന്നീട് സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ഓരോന്നോയി നിലം പതിക്കാനാരംഭിച്ചു. പിന്നെ തകര്‍ന്നു വീഴുന്ന കെട്ടിടങ്ങൾ അയലത്തുള്ളവയായി. ഏത് നിമിഷവും തങ്ങള്‍ താമസിക്കുന്ന കെട്ടിടവും ആക്രമണത്തില്‍ തകര്‍ന്നേക്കാം എന്ന അവസ്ഥ.
ഒക്‌ടോബർ 20 ന്, 10 മിനിറ്റിനുള്ളില്‍ താമസ സ്ഥലം ഒഴിയണമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നൽകി. 'എത്രയും പെട്ടെന്ന് ഒഴിയണമായിരുന്നു. ഒന്നും എടുക്കാൻ കഴിഞ്ഞില്ല. ഐഡികളില്ല, യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റുകളില്ല, എന്‍റെ കുഞ്ഞിന് വേണ്ട വസ്‌ത്രങ്ങളില്ല, ഒന്നുമില്ല. എന്‍റെ കുട്ടിക്ക് വേണ്ടി വാങ്ങിയ പാലും ഡയപ്പറുകളും കളിപ്പാട്ടങ്ങളും പോലും എടുക്കാന്‍ കഴിഞ്ഞില്ല.'-അമൽ അൽ-തവീൽ പറഞ്ഞു
അമലിന്‍റെ മാതാപിതാക്കളുടെ മധ്യ ഗാസയിലെ വീട്ടിലാണ് കുടുംബം അഭയം തേടിയിരുന്നത്. ഇവിടെ 15 കുടുംബാംഗങ്ങൾ കഴിയുന്നുണ്ടായിരുന്നു. അധികം ദൂരെയല്ലാതെ, സഖറും ഭർത്താവും മകളും ബന്ധുവിന്‍റെ രണ്ട് കിടപ്പുമുറികള്‍ മാത്രമുള്ള വീട്ടിൽ അഭയം പ്രാപിച്ചു. ഇവരുടെ കൂട്ടുകുടുംബത്തിലെ 80-ലധികം പേരാണ് ഇവിടെ താമസിച്ചത്. പുരുഷന്‍മാര്‍ വീടിന് പുറത്ത് ടെന്‍റ് നിർമ്മിച്ചാണ് കഴിഞ്ഞിരുന്നത്. ഡിസംബറിൽ, ഇസ്രായേല്‍ സൈന്യം മധ്യ ഗാസയിലേക്ക് ആക്രമണം വ്യാപിപിച്ചപ്പോള്‍ രണ്ട് കുടുംബങ്ങളും ഗാസയുടെ തെക്കേ അറ്റത്തുള്ള റഫയിലേക്ക് മാറി. റഫ ഇപ്പോൾ ലക്ഷക്കണക്കിന് പലസ്‌തീനികളുടെ അഭയ കേന്ദ്രമാണ്.
അഭയാര്‍ഥികളെ കൊണ്ട് നിറഞ്ഞ റഫയിൽ , അൽ-തവീലും കുടുംബവും ടെന്‍റിലാണ് കഴിഞ്ഞുകൂടിയത്. അവിടെ ഒരു മാസത്തിലേറെ അവര്‍ താമസിച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായിരുന്നു അതെന്ന് അമൽ അൽ-തവീൽ ഓര്‍ത്തെടുക്കുന്നു. ഗാസയിലെ കേവലം രണ്ട് കുടുംബത്തിന്‍റെ മാത്രം കഥയല്ല ഇത് എന്നതാണ് സങ്കടപ്പെടുത്തുന്ന വസ്‌തുത.
ഒക്‌ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ പസ്‌തീന്‍ യുദ്ധത്തില്‍ ഇത്‌വരെ 33,000-ലധികം പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രയേലിന്‍റെ ആക്രമണം ഗാസയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, മരുന്ന്, മറ്റ് സാധനങ്ങൾ എന്നിവയുടെ സഹായ വിതരണം ഇസ്രയേൽ തടഞ്ഞിരുന്നു.
യുദ്ധത്തെ തുടര്‍ന്ന് ജനസംഖ്യയുടെ 80% ത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും 1 ദശലക്ഷത്തിലധികം ആളുകള്‍ പട്ടിണിയില്‍ കഴിയുകയുമാണ്. യുഎന്നിന്‍റെ ആരോഗ്യ ഏജൻസി പറയുന്ന പോഷകാഹാരക്കുറവിന്‍റെ ലക്ഷണങ്ങൾ ഇപ്പോൾ പലസ്‌തീനിലെ ഓരോ ആറ് കുട്ടികളിലൊരാളിലും കണ്ടുവരുന്നു. കുട്ടികൾക്കുള്ള ഭക്ഷണം, കളിപ്പാട്ടങ്ങൾ, വസ്‌ത്രങ്ങൾ എന്നിവ പോലും ഇപ്പോൾ ഗാസയില്‍ ലഭ്യമല്ല. യുഎൻ നൽകുന്ന ടിന്നിലടച്ച ഭക്ഷണം മാത്രമാണ് ഭൂരിഭാഗം ജനതയുടെയും ഏക ആശ്രയം.
Also Read:
- അശാന്തിയൊഴിയാതെ ഗാസ മുനമ്പ്; ഇസ്രായേല്‍ റെയ്‌ഡിലെ നരക യാതനകള്‍ വിവരിച്ച് പലസ്‌തീനികള്‍
- 'അന്താരാഷ്ട്ര മാനുഷിക നിയമം എല്ലായ്‌പ്പോഴും മാനിക്കപ്പെടണം' : ഗാസ വിഷയത്തില്‍ എസ് ജയ്‌ശങ്കർ
- ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണ്ട, യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നിലപാട് അറിയിച്ച് അമേരിക്ക