ഹൈദരാബാദ് : പൂച്ചകളെ ഇഷ്‌പ്പെടുന്നവരാണോ നിങ്ങള്‍. നിങ്ങള്‍ക്കായി ഒരു ദിനം ഉണ്ടെന്ന് അറിയാമോ?... അതെ പൂച്ച പ്രേമിക്കള്‍ക്കായി ഒരു ദിനം ഉണ്ട്, ഓഗസ്റ്റ് എട്ട്.
പൂച്ചകള്‍ക്കായി ഒരു ദിവസം എന്ന ആശയം കൊണ്ടുവരുന്നത് ഇൻ്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയറാണ്. 2002 മുതലാണ് പൂച്ചദിനം ആചരിച്ച് തുടങ്ങുന്നത്. പൂച്ചകളുടെ സംരക്ഷണം ഉറപ്പാക്കാനും ആളുകള്‍ക്കിടയില്‍ പൂച്ചകളെക്കുറിച്ച് അവബോധം വളർത്താനുമാണ് പൂച്ച ദിനം ആചരിക്കുന്നത്.
2020 മുതൽ, ഇൻ്റർനാഷണൽ ക്യാറ്റ് കെയർ (ഐകാറ്റ്‌കെയർ) ആണ് അന്താരാഷ്ട്ര പൂച്ച ദിനത്തിന് നേതൃത്വം നല്‍കുന്നത്. പൂച്ചകളെ പരിപാലിക്കാൻ ആവശ്യമായ പിന്തുണയും സഹായവും ഐകാറ്റ്‌കെയർ നല്‍കുന്നു. പൂച്ചകള്‍ക്കായി ലോകത്തുളള പൂച്ച സ്‌നേഹികള്‍ ഒന്നിക്കുന്ന ദിനം കൂടിയാണിത്.
പൂച്ച വളർത്തലിന്‍റെ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍
- പ്രതിരോധശേഷി വർധിപ്പിക്കുന്നു:പൂച്ചകളുമായുള്ള സമ്പർക്കം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. പ്രത്യേകിച്ച് ചെറുപ്പം മുതല്‍ പൂച്ചകളുമായി സമ്പർക്കം പുലർത്തുന്ന കുട്ടികളില്‍ കാലക്രമേണ പ്രതിരോധശേഷി വർധിക്കാൻ ഇത് സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
- സമ്മര്‍ദം കുറയ്‌ക്കും:പൂച്ചയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നത് വഴി സമ്മർദം, ഉത്കണ്‌ഠ, വിഷാദം തുടങ്ങിയവ കുറയ്‌ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
- നല്ല ഉറക്കം: പൂച്ചകളുടേത് ശാന്തവും സമാധനം തരുന്നതുമായ സാന്നിധ്യമാണ്. അത് ശാന്തമായി ഉറങ്ങാന്‍ പറ്റുന്ന അന്തരീക്ഷം സൃഷ്‌ടിക്കുകയും അതുവഴി നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.
- മെച്ചപ്പെട്ട മാനസികാരോഗ്യം:പൂച്ചയുമായി ഇടപഴകുന്നത് സമ്മർദവും ഉത്കണ്‌ഠയും കുറയ്ക്കുക മാത്രമല്ല, സന്തോഷവും സംതൃപ്‌തിയും വർധിപ്പിക്കുകയും ചെയ്യും.
- ആയുസ് കൂട്ടുന്നു:പൂച്ച വളര്‍ത്തുന്നവര്‍ക്ക് ഹൃദ്രോഗമോ മറ്റ് രോഗങ്ങളോ ബാധിച്ച് മരിക്കാനുള്ള സാധ്യത പൂച്ചയില്ലാത്തവരേക്കാൾ കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
- ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു:പൂച്ച വളര്‍ത്തുന്നവരില്‍ രക്തസമ്മർദവും കൊളസ്ട്രോളും കുറവായിരിക്കുന്നത് കൊണ്ടുതന്നെ ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുളള സാധ്യത കുറവായിരിക്കും.
പൂച്ചകളെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?
- വളർത്തു പൂച്ചയുടെ ശാസ്ത്രീയ നാമം 'ഫെലിസ് കാറ്റസ്' എന്നാണ്. ഫെലിഡേ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ് ഇവ.
- ഒരു പൂച്ചയുടെ ശരാശരി ആയുസ് 13 മുതൽ 17 വർഷം വരെയാണ്. ചില പൂച്ചകള്‍ 20 വര്‍ഷം വരെ ജീവിക്കാം. ലോക റെക്കോഡ് ഉടമയായ 'ക്രീം പഫ്' നീണ്ട 38 വർഷമാണ് ജീവിച്ചത്.
- ഈ കാലഘട്ടത്തിലെ മമ്മീകരിച്ച പൂച്ചകൾ, പൂച്ചകളുടെ ചരിത്രത്തെക്കുറിച്ച് അറിയാൻ ഡിഎൻഎ കണ്ടെത്താനും പഠിക്കാനും ശാസ്ത്രജ്ഞരെ സഹായിച്ചിട്ടുണ്ട്.
- അഞ്ച് മാസം പ്രായമാകുമ്പോൾ തന്നെ പൂച്ചകൾക്ക് പ്രത്യുല്‍പാദന ശേഷി ഉണ്ടാകുന്നു. കരുതല്‍ ലഭിച്ചാല്‍ നല്ല രീതിയില്‍ പ്രത്യുല്‍പാദനം നടത്താന്‍ പൂച്ചകള്‍ക്ക് കഴിയും. അതായത് ഒരു ജോടി പൂച്ചകൾക്ക് ഏഴ് വർഷത്തിനുള്ളിൽ 4,20,000 കുഞ്ഞുങ്ങളെ വരെ പ്രസിവിക്കാന്‍ കഴിയും.
- പൂച്ചയുടെ ശരാശരി ഗർഭകാലം 65 ദിവസമാണ്. ഏകദേശം ഒമ്പത് ആഴ്‌ച.
- ഇരുട്ടിൽ പൂച്ചകൾക്ക് മനുഷ്യരേക്കാൾ ആറിരട്ടി കാഴ്‌ച ശക്തി ഉണ്ടായിരിക്കും.
- കീടനിയന്ത്രണമായി റോമൻ വീടുകളില്‍ പൂച്ചകളെ ഉപയോഗിച്ചിരുന്നു.
- ജനിച്ച് വളരെ പെട്ടെന്ന് തന്നെ പൂച്ച കുട്ടികള്‍ മുരളാൻ പഠിക്കുന്നു. അവർ എവിടെയാണെന്ന് അറിയിക്കാനും ഭക്ഷണം ആവശ്യമുള്ളപ്പോൾ അത് അമ്മമാരെ അറിയിക്കാനുമാണിത്.
- മനുഷ്യരെ പോലെ പൂച്ചകൾക്കും അവരുടെ ജീവിതകാലത്ത് രണ്ട് സെറ്റ് പല്ലുകൾ ഉണ്ടാകും. ചെറുപ്പത്തിലെ ഉണ്ടാകുന്ന മൃദുലമായ പല്ലുകളും വളര്‍ന്നതിന് ശേഷമുണ്ടാകുന്ന കഠിനമായ പല്ലുകളും. ജനിച്ച മൂന്നാഴ്‌ചയ്ക്കുളളില്‍ തന്നെ ആദ്യ സെറ്റ് പല്ലുകള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ആറ് മുതൽ ഏഴ് മാസം വരെ പ്രായമാകുമ്പോഴേക്കും രണ്ടാമത്തെ സെറ്റ് പല്ലുകള്‍ ഉണ്ടായി തുടങ്ങും.
ഏറ്റവും കൂടുതൽ പൂച്ചകളുള്ള രാജ്യം ഏതാണ്? :പൂച്ചകളെയും നായകളെയും വളര്‍ത്തുന്നതില്‍ മുന്‍പന്തിയിലുളളത് അമേരിക്കയാണ്. ഏകദേശം 70 ദശലക്ഷം വളർത്തുനായകളും 74 ദശലക്ഷം വളർത്തു പൂച്ചകളുമാണ് അമേരിക്കയിലുളളത്.