ന്യൂയോർക്ക് :ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം റോമിൽ അടിയന്തര ലാൻഡിങ് നടത്തി. 199 യാത്രക്കാരും 15 ജീവനക്കാരുമായി ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന ബോയിങ് 787-9 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന ജീവനക്കാരുടെ അറിയിപ്പിനെ തുടർന്നായിരുന്നു നടപടി. വിമാനം റോമിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌ത് സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കി. ഇന്ന് റോമിലെ ലിയോനാർഡോ ഡാവിഞ്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തുടർന്ന ശേഷം നാളെയോട് കൂടി തിരികെ ഡൽഹിയിലേക്ക് പറക്കുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.