കേരളം

kerala

ETV Bharat / health

World Oral Health Day 2024: ശ്രദ്ധ നൽകാം വായയുടെ ആരോഗ്യത്തിന്, ദന്ത ശുചിത്വത്തിൽ അറിയേണ്ടത് എന്തെല്ലാം..

പലപ്പോഴും നമ്മൾ ദന്തസംരക്ഷണം അവഗണിക്കുകയോ വീഴ്‌ച വരുത്തുകയോ ചെയ്യുന്നതായി കാണാം. ഇവിടെയാണ് ഓറൽ ഹെൽത്ത് ഡേയുടെ പ്രാധാന്യം.

Oral Health  Dental Issues  Tooth Loss  health news
World Oral Health Day 2024, 'Happy Mouth Leads to Healthy Body'

By ETV Bharat Kerala Team

Published : Mar 19, 2024, 7:59 PM IST

ന്ന് ലോക ദന്താരോഗ്യ ദിനം (World Oral Health Day 2024). നമ്മുടെ പല്ല്, മോണ, നാവ് തുടങ്ങി വായ്ക്കുള്ളിലെ ആരോഗ്യ സംരക്ഷണമാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ശ്വസിക്കുമ്പോൾ, മറ്റൊരാളോട് സംസാരിക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ അങ്ങനെ നിത്യജീവിതത്തിൽ നമുക്ക് വേണ്ട പലകാര്യങ്ങൾക്കും പല്ലുകളുടെ ആരോഗ്യവും ശുചിത്വവും പ്രധാനമാണ്.

പലപ്പോഴും നമ്മൾ ദന്തസംരക്ഷണം അവഗണിക്കുകയോ വീഴ്‌ച വരുത്തുകയോ ചെയ്യുന്നതായി കാണാം. ഇവിടെയാണ് ഓറൽ ഹെൽത്ത് ഡേയുടെ പ്രാധാന്യം. എല്ലാ വർഷവും മാർച്ച് 20ന് ലോകമെമ്പാടും ഓറൽ ഹെൽത്ത് ഡേ ആയി ആചരിക്കുന്നു. മികച്ച ദന്താരോഗ്യത്തിന്‍റെ പ്രാധാന്യവും ശരിയായ ദന്ത ശുചിത്വവും പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായാണ് ലോകം മുഴുവൻ ദന്താരോഗ്യ ദിനം ആചരിക്കുന്നത് (Today World Oral Health Day; Protect teeth health).

വായുടെ ശുചിത്വത്തെക്കുറിച്ച് ശ്രദ്ധിക്കുന്നവരല്ല പലരും. ഗുരുതരമായ ചില പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് വരെ ആരും ഇതിനെ കുറിച്ച് ബോധവാന്മാരരാകുന്നില്ല എന്നതാണ് സത്യം. പല്ലുകളുടെ സംരക്ഷണത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തത് പല്ലിനും മോണകൾക്കും കേടുവരുത്തും. ഇക്കാര്യത്തിൽ കൃത്യമായ അവബോധം ഉണ്ടാക്കലാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഓര്‍ക്കുക ആരോഗ്യകരമായ വായ, മോണ, പല്ലുകൾ എന്നിവയിലൂടെ നമ്മുടെ ശാരീരിക ആരോഗ്യവും മാനസിക സന്തോഷവുമാണ് നമ്മൾ കാത്തുസൂക്ഷിക്കുന്നത്.

ഓറൽ ഹെൽത്ത് ഡേ ചരിത്രം:

2011-ലെ വാർഷിക വേൾഡ് ഡെൻ്റൽ കോൺഗ്രസിൽ എഫ്‌ഡിഐ വേൾഡ് ഡെൻ്റൽ ഫെഡറേഷനാണ് ഈ ദിനം ആദ്യമായി നിർദ്ദേശിച്ചത്. എല്ലാവരും ഈ നിർദ്ദേശം ഏകകണ്‌ഠമായി അംഗീകരിച്ചു. 2013 മാർച്ച് 20 ന് ആദ്യത്തെ ലോക ഓറൽ ഹെൽത്ത് ദിനം ആചരിച്ചു. വായുടെ ആരോഗ്യത്തിൻ്റെയും, ശുചിത്വത്തിൻ്റെയും പ്രാധാന്യം എടുത്തുകാണിക്കാനാണ് ഈ ദിനാചരണം. സന്തോഷമുള്ള വായ് ആരോഗ്യമുള്ള ശരീരത്തെ നിലനിര്‍ത്തുന്നു എന്നാണ് ഓറൽ ഹെൽത്ത് കാമ്പെയ്ന്‍റെ 2024-ലെ സന്ദേശം (Today World Oral Health Day; Protect teeth health).

ദന്താരോഗ്യത്തിന്‍റെ പ്രാധാന്യം:

ഒരാളുടെ ആരോഗ്യം എന്നാൽ ശാരീരികവും മാനസികവും ആയ ആരോഗ്യം ആണ്. ശരീരത്തിലെ മറ്റ് അവയവങ്ങളെ സംരക്ഷിക്കേണ്ടത് പോലെ തന്നെ പല്ലുകളെയും സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മളിൽ മിക്കവരും പല്ലുവേദന കഠിനമാകുമ്പോള്‍ മാത്രമാണ് പലരും ഡോക്‌ടറെ സമീപിക്കുന്നത്. ഇത് പല്ലുകളുടെ എന്നെന്നേക്കുമായുള്ള നാശത്തിന് കാരണമാകും. പല്ലുകള്‍ക്ക് ഉണ്ടാകാറുള്ള ചില അസ്വസ്ഥതകളെ പ്രാരംഭത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ വലിയ രീതിയിലുള്ള കേടുപാടുകളില്‍ നിന്ന് പല്ലിനെ സംരക്ഷിക്കാന്‍ സാധിക്കും.

ദന്ത ശുചിത്വമില്ലായ്‌മ പല്ല് കേടു വരുന്നതിനും, വായ്‌നാറ്റത്തിനും, മോണരോഗങ്ങൾക്കും കാരണമാകുന്നുവെന്ന് മാത്രം കരുതരുത്. ദന്താരോഗ്യം ഇല്ലായ്‌മ നമ്മെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കും. ഒപ്പം തന്നെ വായുടെ ആരോഗ്യമില്ലായ്‌മ വായിലെ രോഗങ്ങള്‍ക്ക് മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക്, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും, ഗര്‍ഭിണികളായ സ്ത്രീകളില്‍ മാസം തികയാതെയും ഭാരക്കുറവുമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനും കാരണമായേക്കാം.

ദന്ത രോഗങ്ങൾ തടയാം:

പല്ലുകളെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെ തന്നെ പല്ല് ദിവസവും ബ്രഷ് ചെയ്യുന്ന കാര്യവും. പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ രാവിലെയും രാത്രിയും ‌പല്ല് ബ്രഷ് ചെയ്യണം. രണ്ട് നേരവും പല്ല് ബ്രഷ് ചെയ്യാതിരുന്നാൽ പല്ല് പൊട്ടാനും, മറ്റ് അസുഖങ്ങളും ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. പതിവായി ബ്രഷിങ്ങ്, ഫ്ളോസിങ്ങ് എന്നിവ ചെയ്യുന്നത് പല്ലുകൾ, മോണ രോഗങ്ങൾ, വായ്‌നാറ്റം എന്നിവ പോലുള്ള സാധാരണ ദന്ത പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്നു. താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ വായുടെ ആരോഗ്യം നിലനിർത്തിയാല്‍ പല്ലുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യങ്ങളും അനാവശ്യ ചെലവും ഒഴിവാക്കാനാകും.

  • ആരോഗ്യകരമായ ഭക്ഷണം.
  • ശരിയായ ദന്തശുചീകരണ ശീലങ്ങൾ.
  • കൃത്യമായ ഇടവേളകളിൽ ദന്തപരിശോധന.

മൊത്തത്തിലുള്ള ആരോഗ്യം:

വായിൽ നിന്നുള്ള ബാക്‌ടീരിയകൾ രക്തത്തിൽ പ്രവേശിക്കുകയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെ ബാധിക്കുകയും ചെയ്യും. ഇത് ശരീരത്തിന്‍റെ മുഴുവന്‍ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഗർഭാവസ്ഥയുടെ പ്രതികൂല ഫലങ്ങൾ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇവ വഴിവെക്കുന്നു.

ശരിയായി ഭക്ഷണം ചവയ്ക്കുന്നതിനും, ദഹനത്തിനും ആരോഗ്യമുള്ള പല്ലുകളും മോണകളും അത്യാവശ്യമാണ്. ദന്തപ്രശ്‌നങ്ങളുള്ള വ്യക്തികൾക്ക് ചില ഭക്ഷണങ്ങൾ കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇത് പോഷകാഹാരക്കുറവിനും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കും.

ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ദന്താരോഗ്യം:

ആരോഗ്യകരമായ ഒരു പുഞ്ചിരിക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും വർധിപ്പിക്കാൻ കഴിയും. നേരെമറിച്ച് പല്ലുകൾ നഷ്‌ടപ്പെട്ടവരോ, വായ്‌നാറ്റം പോലെയുള്ള ദന്തസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരോ ആണെങ്കില്‍ നിങ്ങള്‍ക്ക് നാണക്കേടും സാമൂഹിക ഉത്കണ്‌ഠയും ഉണ്ടാക്കുകയും, അവ നിങ്ങളുടെ വ്യക്തിബന്ധങ്ങളെയും പ്രൊഫഷണൽ അവസരങ്ങളെയും ബാധിക്കുകയും ചെയ്യും.

പല്ല് കൊഴിയുന്നത് തടയാം:

മുതിർന്നവരിൽ പല്ല് നശിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ ദന്തക്ഷയവും മോണരോഗവുമാണ്. നല്ല ദന്ത ശുചിത്വം ശീലിക്കുകയും ദന്തരോഗ വിദഗ്‌ധനെ പതിവായി സന്ദർശിക്കുക. ഇത് പല്ല് പറിയ്‌ക്കലിൻ്റെയും, മറ്റ് ആക്രമണാത്മക ചികിത്സകളുടെയും ആവശ്യം തടയാൻ സഹായിക്കും.

Also Read: വജ്ര പല്ലുകള്‍; ചിരിക്കാം ഇനി മനസ് തുറന്ന്; പോപ്പ് ഗായകര്‍ക്കിടയില്‍ ആവശ്യക്കാര്‍ ഏറെ

രോഗങ്ങളെ നേരത്തെ കണ്ടെത്താം:

ദന്ത പരിശോധനകൾ വായുടെ ആരോഗ്യം നിലനിര്‍ത്തുക മാത്രമല്ല, വായിൽ പ്രകടമാകുന്ന പ്രമേഹം, കാൻസർ, ഓസ്‌റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങൾ കണ്ടെത്താനും സഹായിക്കുന്നു.

ജീവിതനിലവാരം നിലനിർത്താം:

വായിലെ വേദനയും, അസ്വസ്ഥതയും ഒരു വ്യക്തിയുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കും. ദന്താരോഗ്യത്തിന് മുൻഗണന നൽകുന്നതിലൂടെ, വ്യക്തികൾക്ക് ഉയർന്ന ജീവിത നിലവാരവും മൊത്തത്തിലുള്ള ക്ഷേമവും ആസ്വദിക്കാനാകും.

ABOUT THE AUTHOR

...view details