ന്യൂഡൽഹി:മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും കാരണം 2019 ൽ മൂന്ന് ദശലക്ഷത്തിലധികം പേരുടെ ജീവൻ നഷ്‌ടപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 2019 ലെ ഡാറ്റയെ അടിസ്ഥാനമാക്കി മദ്യം, ആരോഗ്യം, ലഹരിവസ്‌തുക്കളുടെ ഉപയോഗ വൈകല്യങ്ങളുടെ ചികിത്സ എന്നിവയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സ്‌റ്റാറ്റസ് റിപ്പോർട്ട് കാണിക്കുന്നത് ആ വര്‍ഷത്തെ മുഴുവൻ മരണങ്ങളുടെ 4.7 ശതമാനമായ 2.6 ദശലക്ഷം മരണങ്ങളും മദ്യപാനം മൂലമാണെന്നാണ്. 0.6 ദശലക്ഷം മരണങ്ങൾ മയക്കുമരുന്ന് ഉപയോഗം മൂലവും സംഭവിച്ചു.
'ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തിഗത ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുകയും മാനസികാരോഗ്യ അവസ്ഥകൾ വർധിപ്പിക്കുകയും ദശലക്ഷക്കണക്കിന് തടയാവുന്ന മരണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് കുടുംബങ്ങൾക്കും സമൂഹത്തിനും മേൽ കനത്ത ഭാരം ചുമത്തുന്നു. അപകടങ്ങൾ, പരിക്കുകൾ, അക്രമങ്ങൾ എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നു.' ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
'ആരോഗ്യകരവും സമത്വവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന്, മദ്യപാനത്തിൻ്റെ ഉപയോഗം കുറയ്ക്കണം. ലഹരിവസ്‌തുക്കളുടെ ഉപയോഗത്താലുണ്ടാകുന്ന വൈകല്യങ്ങൾക്കുള്ള ചികിത്സയ്ക്കായുളള പ്രവർത്തനങ്ങൾ നാം അടിയന്തിരമായി ചെയ്യണംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.