ഹൈദരാബാദ് :തിരക്കേറിയ ജീവിതശൈലി കാരണം സമ്മർദം അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സമ്മർദത്തെ അതിജീവിക്കാനുള്ള വഴികളെല്ലാം ശ്രമിച്ച് നോക്കുന്നവരുമുണ്ട്. എന്നാൽ മിതമായ തോതിലോ കുറഞ്ഞ തോതിലോ ഒക്കെയുള്ള സമ്മർദം തലച്ചോറിന്‍റെ പ്രവർത്തനത്തിന് ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.
സമ്മർദം നമ്മുടെ ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. എന്നാൽ അത് അമിതമായാൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിച്ചേക്കാം. അടുത്തിടെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) നടത്തിയ പഠനത്തിൽ ജോലി സംബന്ധമായ സമ്മർദത്തിന്‍റെ ഫലമായി നമുക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്നുണ്ട്.
കഠിനമായ സമ്മർദം ഹൃദയമിടിപ്പിലെ പ്രവചനാതീതമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പഠനം വെളിപ്പെടുത്തി. ഇത് വെൻട്രിക്കുലാർ ടാക്കിക്കാർഡിയ, വെൻട്രിക്കുലാർ ഫൈബ്രിലേഷൻ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും. ഇവ രണ്ടും ഹൃദയത്തിന്‍റെ താഴത്തെ അറകളെയാണ് ബാധിക്കുന്നത്. 18 മുതൽ 60 വയസ് വരെ പ്രായമുള്ള 6000 പേരെ 18 വർഷമെടുത്ത് നിരീക്ഷിച്ച് തയ്യാറാക്കി പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
സ്ട്രെസ് കുറവുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ കഠിനമായ സമ്മർദം അനുഭവിക്കുന്ന ആളുകൾക്ക് ഏട്രിയൽ ഫൈബ്രിലേഷൻ (എഎഫ്-ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന അവസ്ഥ) ഉണ്ടാകാനുള്ള സാധ്യത 83 ശതമാനം കൂടുതലാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, തങ്ങളുടെ ജോലിക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് കരുതുന്ന വ്യക്തികൾക്കും ഏട്രിയൽ ഫൈബ്രിലേഷൻ അനുഭവിക്കാനുള്ള സാധ്യത 44 ശതമാനം കൂടുതലാണെന്നും ഗവേഷണത്തിൽ പറയുന്നു.
അതേസമയം ഫലപ്രദമായ ആസൂത്രണവും സ്ട്രെസ് മാനേജ്മെന്‍റും സമ്മർദം മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങൾ തടയുന്നതിന് പ്രധാനമാണ്. ഇതേപ്പറ്റി സ്‌റ്റാർ ഹോസ്‌പിറ്റലിലെ മുതിർന്ന കാർഡിയോളജിസ്‌റ്റ് ഡോ രമേഷ് ഗുഡപതിക്ക് പറയാനുള്ളത് എന്താണെന്ന് നോക്കാം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സമ്മർദം എങ്ങനെ ഹൃദയത്തെ ബാധിക്കുന്നു?:എഎഫ് ഉള്ള ആളുകളുടെ ഹൃദയത്തിൽ രക്തം പെട്ടെന്ന് കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് പിന്നീട് തലച്ചോറിലേക്ക് എത്തി സ്ട്രോക്ക് ഉണ്ടാവാൻ കാരണമാകും.
മനുഷ്യന്‍റെ വളർച്ചയിലെ ഒരു പ്രധാന ഘടകമാണ് സമ്മർദം. പ്രായത്തിനനുസരിച്ച് ഹൃദയമിടിപ്പ് അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് സാധാരണമായി തീരാറുണ്ട്.
സമ്മർദത്തിൻ്റെ കാരണങ്ങൾ:തൊഴിൽ, കുടുംബം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹിക ബന്ധങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം കാരണങ്ങൾ കൊണ്ട് സമ്മർദം അനുഭവപ്പെടാം. ഒരാളുടെ കഴിവിനപ്പുറമുള്ള പ്രതീക്ഷകൾ സ്ഥാപിക്കുന്നതാണ് സമ്മർദം ഉണ്ടാകാനുള്ള പ്രധാന കാരണം.
ഉദാഹരണത്തിന്, ഒരാളുടെ കഴിവിൽ കവിയുന്ന ഒരു പ്രകടന നില പ്രതീക്ഷിക്കുന്നത് ആ വ്യക്തിയെ സമ്മർദത്തിലേക്ക് നയിക്കുന്നു. നിങ്ങളുടെ പരിധികൾ മനസിലാക്കുന്നതും യാഥാർഥ്യബോധമുള്ള പ്രതീക്ഷകൾ നിലനിർത്തുന്നതും സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ രമേഷ് ഗുഡപതി വ്യക്തമാക്കി.
നീണ്ടുനിൽക്കുന്ന, തീവ്രമായ സമ്മർദം സ്ട്രെസ് ഹോർമോണുകളുടെ ഉത്‌പാദനത്തിന് കാരണമാകും. ഇത് രക്തസമ്മർദം ഉയർത്തുകയും ക്ഷീണം ഉണ്ടാക്കുകയും ഹൃദയത്തിലെ രക്തക്കുഴലുകളിൽ തടസങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ഹൃദയമിടിപ്പ്, ഉയർന്ന സമ്മർദം എന്നിവയുടെ ലക്ഷണങ്ങൾ:
ഹൃദയാഘാതം:
- വിശ്രമിക്കുമ്പോൾ പോലും ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്
- കടുത്ത ക്ഷീണം
- തലകറക്കം
- ബലഹീനത
ഉയർന്ന സമ്മർദം:
- ഉറക്കമില്ലായ്‌മ
- പേശി വേദനയും തലവേദനയും
- കടുത്ത ക്ഷീണം
- ഉത്കണ്‌ഠ, ക്ഷോഭം, വിഷാദം തുടങ്ങിയ വൈകാരിക മാറ്റങ്ങൾ
- അമിതമായി ഭക്ഷണം കഴിക്കുക അല്ലെങ്കിൽ വിശപ്പില്ലായ്‌മ