ന്യൂഡൽഹി : സസ്യങ്ങളിൽ നിന്ന് നേരിട്ട് ഉത്പാദിപ്പിക്കപ്പെടുന്നവയാണ് സസ്യാധിഷ്‌ഠിത മാംസം. മൃഗങ്ങളില്‍ നിന്നുള്ള മാംസം പോലെ തന്നെ സസ്യാധിഷ്‌ഠിത മാംസവും പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാല്‍ സമ്പന്നമാണ്.
ഇതുവഴി സസ്യാഹാരികൾക്ക് പോലും സസ്യേതര ഭക്ഷണത്തോടുള്ള അവരുടെ ആഗ്രഹം നിറവേറ്റാൻ കഴിയുന്നു. സസ്യാധിഷ്‌ഠിത മാംസം എന്ന ആശയത്തിന് പിന്നിലെ പ്രധാന ലക്ഷ്യം മൃഗങ്ങളുടെ മാംസോപഭോഗം കുറയ്ക്കുക എന്നതാണ്. പല ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മാംസാഹാരത്തെക്കാള്‍ നല്ലത് സസ്യാധിഷ്‌ഠിത മാംസം ആണെന്ന് കരുതപ്പെടുന്നു.
സസ്യാധിഷ്‌ഠിത മാംസാഹാരം കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്ന കൊളസ്‌ട്രോളിൻ്റെ അളവ്, രക്തസമ്മർദം എന്നിവയെ കൃത്യമായ അളവില്‍ നിലനിര്‍ത്തുന്നു എന്നാണ് വിദഗ്‌ധര്‍ പറയുന്നത്. സസ്യാധിഷ്‌ഠിത മാംസ വിപണി സമീപ വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിക്കുകയും കൂടുതൽ ആളുകൾ സസ്യാധിഷ്‌ഠിത മാംസമടങ്ങിയ ബർഗറുകൾ പോലുള്ള ആഹാരങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ മാംസ ബദലുകൾ ആരോഗ്യത്തെയും പ്രത്യേകിച്ച് ഹൃദയ സംബന്ധമായ രോഗ സാധ്യതയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കൃത്യമായി തെളിയിക്കപ്പട്ടിട്ടില്ലെന്ന് കാനഡ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ അധ്യാപകന്‍ മാത്യു നഗ്ര അഭിപ്രായപ്പെട്ടു.