ന്യൂഡൽഹി: പുകവലിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക. സ്‌ട്രോക്ക് അഥവാ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത പുകവലിക്കാരിൽ കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇക്ലിനിക്കൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ പുകവലിക്കാരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ബെംഗളൂരുവിലെ സെൻ്റ് ജോൺസ് മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയത്. മസ്‌തിഷ്‌കത്തിലേക്കുള്ള രക്ത വിതരണം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്.
സുരക്ഷിതമാണെന്ന് കരുതപ്പെടുന്ന ഫിൽട്ടർ ചെയ്‌ത സിഗരറ്റുകളും അല്ലാത്തവയും ഇൻട്രാ സെറിബ്രൽ ഹെമറേജ് (ഐസിഎച്ച്) അഥവാ ഹെമറേജിക് സ്‌ട്രോക്ക് അടക്കമുള്ളവയുടെ അപകടസാധ്യത ഇരട്ടിയാക്കുന്നതായാണ് പഠനം പറയുന്നത്. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം സംഭവിക്കുന്ന അവസ്ഥയാണ് ഐസിഎച്ച്. 50 വയസ്സിന് താഴെയുള്ള പ്രതിദിനം 20 സിഗരറ്റുകളിൽ കൂടുതൽ ഉപയോഗിക്കുന്ന പുകവലിക്കാരിൽ സ്ട്രോക്ക് സാധ്യത ഇരട്ടിയിലധികമാണെന്നും കണ്ടെത്തിയിട്ടുണ്ട്.