നിരവധി ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് സൈനസൈറ്റിസ്. മൂക്കിന് ചുറ്റുമുള്ള ഭാഗങ്ങളിൽ വായുനിറഞ്ഞ അറകളാണ് സൈനസ്. നെറ്റി, കണ്ണ്, മൂക്ക് എന്നീ ഭാഗങ്ങളിലെ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം സൈനസിന്‍റെ ചെറിയ ദ്വാരത്തിലൂടെ മൂക്കിലേക്ക് എത്താറാണ് പതിവ്. എന്നാൽ ഏതെങ്കിലും വിധേന ഈ ദ്വാരം അടയാൻ കരണമായാൽ സൈനസിലെ കഫം പുറത്തേക്ക് വരാനാകാതെ അവിടെ തന്നെ കെട്ടികിടക്കുകയും അത് പഴുപ്പുണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു. ഈ രോഗാവസ്ഥയെയാണ് സൈനസൈറ്റിസ് എന്ന് വിളിക്കുന്നത്.
എല്ലാ പ്രായക്കാരിലും ഈ ആരോഗ്യപ്രശ്‌നം കണ്ടുവരുന്നതായി വിദഗ്‌ധർ പറയുന്നു. മൂക്കടയൽ, കഫം, തലയ്ക്ക് ഭാരം അനുഭവപ്പെടുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, സ്ഥിരമായുള്ള ജലദോഷം, നിരന്തരമായുള്ള തലവേദന, മുഖത്ത് വീക്കം എന്നിവയാണ് ഇതിന്‍റെ പ്രധാന രോഗ ലക്ഷണങ്ങൾ. ചിലരിൽ, സൈനസൈറ്റിസ് പ്രശ്‌നം ഏതാനും മാസങ്ങൾക്കുള്ളിൽ ഭേദമാകും. എന്നാൽ ചിലരിൽ ഇത് ഒന്ന് മുതൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കും. ദൈനംദിന ജീവിതത്തിൽ സൈനസൈറ്റിസ് ബാധിതർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
എന്നാൽ ചില ആയുർവേദ രീതികൾ പിന്തുടരുന്നതിലൂടെ സൈനസൈറ്റിസ് മൂലമുണ്ടാകുന്ന പ്രശ്‌നമകറ്റാൻ സാധിക്കുമെന്ന് ഹൈദരാബാദിലെ പ്രശസ്‌ത ആയുർവേദ ഡോക്‌ടർ പ്രൊഫസർ പി വി രംഗനായകുലു പറയുന്നു. സൈനസ് ഗുരുതരമാകുന്നതിന് മുൻപ് തന്നെ ഭക്ഷണത്തിലും ജീവിതരീതിയിലും പല മാറ്റങ്ങൾ വരുത്തുന്നതിലൂടെ രോഗം മൂർച്ഛിക്കാതെ തടയാനാകും. അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം...
- പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക
- പൊടി, അഴുക്ക്, വൃത്തിഹീനമായ ഇടങ്ങൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാൻ സൈനസ് രോഗികൾ ശ്രദ്ധിക്കണം. ഇത് അലർജിയ്ക്ക് കാരണമാകുകയും സൈനസ് വേദന വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- ഇടയ്ക്കിടെ ചൂടുവെള്ളത്തിൽ വായ കഴുകുക.
- സ്ഥിരമായി രാവിലെയും വൈകുന്നേരവും ആവി കൊള്ളുക. ഏതാനും തുള്ളി യൂക്കാലിപ്റ്റസ് ഓയിൽ വെള്ളത്തിൽ ചേർക്കുന്നത് ഗുണം വർധിപ്പിക്കും.
- ശീതളപാനീയങ്ങൾ, പുളിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കുക
- തണുത്ത കാറ്റ്, തണുപ്പ് എന്നിവയിൽ നിന്ന് അകന്നു നിൽക്കുക.
- വെളുത്തുള്ളി, ഉള്ളി തുടങ്ങിയ ചേരുവകൾ ആഹാരത്തിൽ ഉൾപ്പെടുത്തുക
- രാത്രിയിൽ നല്ല ഉറക്കം ഉറപ്പാക്കുക
- ശൈത്യകാലത്ത് ചെവികൾക്ക് സംരക്ഷണം നൽകുക
- മൂക്കിനും പുരികത്തിനും ഇടയിൽ ചൂടുള്ള എള്ളെണ്ണ പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വഴി സൈനസൈറ്റിസ് വേദന കുറയാൻ സഹായിക്കുമെന്ന് ഡോ പി വി രംഗനായകുലു പറയുന്നു.