കേരളം

kerala

ഹൃദയാഘാതം; ശരീരം പ്രകടിപ്പിക്കുന്ന ഈ സൂചനകൾ നിസാരമാക്കരുകത് - symptoms BEFORE A HEART ATTACK

By ETV Bharat Health Team

Published : Sep 1, 2024, 10:52 AM IST

ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ശരീരം ചില ലക്ഷണങ്ങൾ കാണിക്കും. നെഞ്ചിന്‍റെ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥത, ക്ഷീണം, ശ്വാസതടസം എന്നിവ ഹാർട്ട് അറ്റാക്കിന്‍റെ സൂചനകളാണ്.

SIGNS BEFORE A HEART ATTACK  HEART DISEASE EARLY WARNING SIGNS  EARLY SYMPTOMS OF HEART ATTACK  ഹൃദയാഘാതം
Representative Image (ETV Bharat)

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവസ്ഥയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന് ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. പെട്ടന്നാണ് പലരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാൽ ഹാർട്ട് അറ്റാക്ക് നേരത്തെ തന്നെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനു 10 ദിവസമോ ഒരു മാസമോ മുമ്പ് ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കുമെന്ന് ഡോക്‌ടർമാർ പറയുന്നു.

ചില കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ ഹാർട്ട് അറ്റാക്ക് തടയാനും ജീവൻ സംരക്ഷിക്കാനും സാധിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഹാർട്ട് അറ്റാക്കിന് മുമ്പ് ശരീരം പ്രകടമാക്കുന്നു 7 പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ക്ഷീണം: ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് 10 ദിവസമോ ഒരു മാസമോ മുമ്പോ മുതൽ ശരീരത്തിൽ ക്ഷീണം അനുഭവപ്പെടുമെന്ന് ഡോക്‌ടർമാർ പറയുന്നു. എന്നാൽ ഈ ലക്ഷണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നതെന്ന് 2019 ലെ നാഷണൽ ഹാർട്ട്, ലംഗ്, ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നെഞ്ചിലെ അസ്വസ്ഥത: ഹാർട്ട് അറ്റാക്കിന്‍റെ ഏറ്റവും പ്രധാനവും സാധാരണവുമായ ലക്ഷണമാണ് നെഞ്ചിന്‍റെ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥത. നെഞ്ചുവേദന, ഭാരം, നെഞ്ചിന്‍റെ നടുഭാഗത്തോ ഇടതുഭാഗത്തോ അനുഭവപ്പെടുന്ന ഇറുക്കം, ഞെരുക്കം തുടങ്ങിയവ ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളാണ്.

വിയർപ്പ്:ശരീരം വിയർക്കുന്നത് സാധാരണയാണ്. എന്നാൽ പ്രത്യക്ഷമായ കാര്യങ്ങൾ ഇല്ലാതെ നിങ്ങൾ അമിതമായി വിയർക്കുന്നുവെങ്കിൽ ഇത് അറ്റാക്കിന്‍റെ സൂചനയാകാം. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താതെ വരുമ്പോൾ ശരീരം അമിതമായി വിയർക്കാൻ തുടങ്ങും. മാത്രമല്ല ചിലരിൽ ദഹന പ്രശ്‌നങ്ങൾ, ഓക്കാനം തടുങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നതായി വിദഗ്‌ധർ പറയുന്നു.

ശ്വാസതടസം: ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും ഹാർട്ട് അറ്റാക്കിനെ സൂചിപ്പിക്കാം. നടക്കുമ്പോഴോ ഉറങ്ങുമ്പോഴോ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെകിൽ അവഗണിക്കാതിരിക്കുക. ഇതും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്.

വർദ്ധിച്ച ഹൃദയമിടിപ്പ്: ഹൃദയത്തിന് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നത് സ്വാഭാവികമാണ്. ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപേ ഹൃദയമിടിപ്പ് വർധിക്കുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവഗണിക്കാതിരിക്കേണ്ടത് പ്രധാനമാണ്.

ശരീരവേദന: ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഗിയിൽ കാണപ്പെടുന്ന മറ്റൊരു പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ശരീര വേദന. മിക്ക രോഗികളിലും നെഞ്ച്, തോൾ, കൈ, പുറം, കഴുത്ത്, താടിയെല്ല് തുടങ്ങിയയിടങ്ങളിൽ വേദന അനുഭവപ്പെടുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ധമനികളിൽ തടസങ്ങൾ ഉണ്ടാകുകയും തുടർന്ന് വേദന അനുഭവപ്പെടുകയും ചെയ്യുന്നു.

തലകറക്കം:കാരണങ്ങൾ ഇല്ലാതെ ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുകയായെങ്കിൽ അത് അവഗണിക്കരുതെന്ന് ഡോക്‌ടർമാർ പറയുന്നു. തലകറക്കം, തലവേദന, നെഞ്ചുവേദന, കുറഞ്ഞ രക്തസമ്മർദ്ദം തുടങ്ങിയവ ഹൃദയാഘാതത്തിൻ്റെ സൂചനകളാകാം.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: നെഞ്ചുവേദന; ലക്ഷണങ്ങൾ ഇതാണോ ? എങ്കിൽ സൂക്ഷിക്കണം

ABOUT THE AUTHOR

...view details