ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം. ജോലി സ്ഥലത്തെ സമ്മർദ്ദം, കുടുംബ പ്രശ്‌നങ്ങൾ എന്നിവ മാനസികാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇതിനു പുറമെ മറ്റ് പല കാരണങ്ങളാലും സമ്മർദ്ദം ഉണ്ടാകാം. മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരു മനശാസ്ത്ര വിദഗ്‌ധനെ സമീപിക്കേണ്ടത് പ്രധാനമാണ്. അതോടൊപ്പം തന്നെ ചില കാര്യങ്ങൾ കൂടി ചെയ്‌താൽ മാനസിക സമ്മര്‍ദ്ദം, ഉത്കണ്‌ഠ എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. അതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് അറിയാം.
ധ്യാനം
പതിവായി ധ്യാനത്തിൽ ഏർപ്പെടുക. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ വളരെയധികം സഹായിക്കും. സമ്മർദ്ദം, ഉത്കണ്‌ഠ, വിഷാദം എന്നിവ കുറയ്ക്കാൻ ധ്യാനം സഹായിക്കുമെന്ന് 2014 ൽ ജെഎഎംഎ ഇൻ്റേണൽ മെഡിസിനിൽ പ്രസിദ്ധീരിച്ച ഒരു പഠനത്തിൽ പറയുന്നു. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അവളവ് കുറയ്ക്കാനും ഇത് സഹായിക്കും.
വ്യായാമം
സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് വ്യായാമം. വ്യായാമം ചെയ്യുന്നതിലൂടെ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. കൂടതെ ഹാപ്പി ഹോർമോണായ എൻഡോർഫിൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രക്തചക്രമണം, ഊർജ്ജം എന്നിവ വർധിപ്പിക്കാനും വ്യായാമം ഗുണം ചെയ്യും.
നല്ല ബന്ധങ്ങൾ
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം സൂക്ഷിക്കുക. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ബന്ധങ്ങൾ നല്ല രീതിയിൽ നിലനിർത്തുന്ന ആളുകളിൽ സമ്മർദ്ദകരമായ സാഹചര്യങ്ങളെ വേഗത്തിൽ മറികടക്കാൻ സാധിക്കുമെന്ന് സൈക്കോളജിക്കൽ സയൻസ് നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.
ഉറക്കം
ഉറക്കക്കുറവ് സമ്മർദ്ദത്തിന് കാരണമാകുമെന്ന് സ്ലീപ്പ് മെഡിസിൻ റിവ്യൂസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിരുന്നു. അതിനാൽ മതിയായ ഉറക്കം ഉറപ്പാക്കേണ്ടത് സമ്മർദ്ദം ഒഴിവാക്കാൻ പ്രധാനമാണ്. ദിവസേന ഏഴ് മുതൽ 9 മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് ഊർജ്ജം നിലനിർത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഗുണം ചെയ്യും. സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കാനും ഉറക്കം സഹായിക്കും.
സമയം
സമയം കൃത്യമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുക. ഇത് ജോലി സംബന്ധമായ ഞെരുക്കം ഇല്ലാതാക്കാനും സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കും.
പോഷകാഹാരം
സമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പോഷകാഹാരം. ആൻ്റി ഓക്‌സിഡൻ്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
ചിരി
സമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാനും ഹാപ്പി ഹോർമോണായ എൻഡോർഫിനെ പ്രോത്സാഹിപ്പിക്കാനും ചിരി സഹായിക്കും. മൊത്തത്തിലുള്ള സമ്മർദ്ദം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചിരി സഹായിക്കുമെന്ന് സൈക്കോസോമാറ്റിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : സമ്മർദ്ദവും ഉത്കണ്‌ഠയും കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ