തിരുവനന്തപുരം:സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്‍റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടര്‍പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാന്‍ കഴിയുന്നതാണ് പ്രിവന്‍റീവ് ഓങ്കോളജി (Preventive Oncology Clinics For Early Detection And Treatment Of Cancer). തുടക്കത്തില്‍ ആശുപത്രികളില്‍ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
കേരളത്തിലെ എംസിസിയിലേയും ആര്‍സിസിയിലേയും ജനസംഖ്യാധിഷ്‌ഠിത കാന്‍സര്‍ രജിസ്ട്രി കണക്കുകള്‍ പ്രകാരം പുരുഷന്‍മാരില്‍ ശ്വാസകോശ കാന്‍സറും സ്‌ത്രീകളില്‍ സ്‌തനാര്‍ബുദവുമാണ് കൂടുതലായി കണ്ടു വരുന്നത്. തെക്കന്‍ ജില്ലകളില്‍ പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സറും സ്‌ത്രീകളില്‍ തൈറോയ്‌ഡ് കാന്‍സറും വടക്കന്‍ ജില്ലകളേക്കാള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍ ആമാശയ കാന്‍സര്‍ തെക്കന്‍ ജില്ലകളേക്കാള്‍ കൂടുതലായും കണ്ടുവരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞത്.
സ്‌ത്രീകള്‍ക്ക് ഉണ്ടാകുന്ന സ്‌തനാര്‍ബുദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെയെത്തുന്ന സ്‌ത്രീകള്‍ക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഭാവിയില്‍ സ്‌ത്രീകളിലെ കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള എച്ച്‌പിവി സ്‌ക്രീനിംഗ്, പ്രതിരോധത്തിനുള്ള എച്ച്‌പിവി വാക്‌സിനേഷന്‍ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ വര്‍ഷവും ഫെബ്രുവരി നാലാം തീയതിയാണ് ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നത്. 'Close the Care Gap' എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിന സന്ദേശം എന്ന് മന്ത്രി പറഞ്ഞു. കാന്‍സര്‍ ചികിത്സയിലുള്ള വിടവ് നികത്തുക, എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സയില്‍ തുല്യമായ അവകാശം എന്നിവയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാന്‍സര്‍ പരിചരണത്തിനും ചികിത്സയ്‌ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
നവകേരള കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷനിലെ പ്രധാന പദ്ധതികളിലൊന്നാണ് കാന്‍സര്‍ പരിചരണം എന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കാന്‍സര്‍ രോഗികളുടെ വർദ്ധനവ് മുന്നില്‍ കണ്ട് അവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി സംസ്ഥാനത്ത് കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജിയും നടപ്പിലാക്കിയിട്ടുണ്ട്. അധികദൂരം യാത്ര ചെയ്യാതെ കാന്‍സര്‍ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.