തിരുവനന്തപുരം:കാന്‍സര്‍ ചികിത്സയില്‍ അപൂര്‍വ നേട്ടം കൈവരിച്ച് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്‍റർ (എംസിസി). കണ്ണിലെ കാന്‍സര്‍ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ വിജയകരമായി പൂർത്തിയാക്കിയാണ് എംസിസി നേട്ടം കൊയ്‌തത്. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്‍റെ കാഴ്‌ച നിലനിര്‍ത്തിക്കൊണ്ടുള്ള കാന്‍സര്‍ ചികിത്സ രീതിയാണിത്.
യുവിയല്‍ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്‌ത്രക്രിയ വിജയകരമായി നടത്തിയത്. ഇറക്കുമതി ചെയ്‌ത പ്‌ളാക്കുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ തദ്ദേശീയമായി നിര്‍മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചായിരുന്നു ചികിത്സ. കേരളത്തില്‍ ഇത്തരമൊരു ചികിത്സ ഇതാദ്യമായാണ് നടത്തുന്നത്. ഇന്ത്യയിലെ തന്നെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സ ലഭ്യമാവുക (Ocular plaque brachytherapy treatment successfully completed at Malabar Cancer Centre).
ഡല്‍ഹി എയിംസ്, ന്യൂഡല്‍ഹി ആര്‍മി ഹോസ്‌പിറ്റല്‍, ചണ്ഡിഗഡ് ഗവ. മെഡിക്കല്‍ കോളേജ് എന്നിവ കഴിഞ്ഞാല്‍ ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി ഇതോടെ എംസിസി മാറി. മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് കൂടിയാണിത്. എംസിസിയിലെ ഒക്യുലാര്‍ ഓങ്കോളജി വിഭാഗവും റേഡിയേഷന്‍ ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് ഈ ചികിത്സയ്‌ക്ക് നേതൃത്വം നല്‍കിയത്.
അതേസമയം ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും അഭിനന്ദിച്ചു. എംസിസി ഡയറക്‌ടർ ഡോ. ബി സതീശന്‍റെ ഏകോപനത്തില്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗീത, ഡോ. ജോനീത, ഡോ. ഗ്രീഷ്‌മ, ഡോ. ഫൈറൂസ്, ഡോ. ഹൃദ്യ, ഡോ. ശില്‍പ, ഡോ. സോണാലി, സ്റ്റാഫ് നഴ്‌സുമാരായ ജിഷ, മനീഷ്, ശ്രീജില്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ചികിത്സയില്‍ പങ്കാളികളായത്.