ക്യാൻസർ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ ഇന്ന് സാധാരണമായി മാറികഴിഞ്ഞു. പല കാരണങ്ങളാൽ ഈ രോഗങ്ങൾ പിടിപെടാം. എന്നാൽ മോശം ഭക്ഷണരീതിയും അനാരോഗ്യകരമായ ജീവിതശൈലിയും ഇത്തരം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ എണ്ണയിൽ വറുത്ത ഭക്ഷണം കഴിക്കുന്നവരാണ് പലരും. എന്നാൽ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നത് ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ( എഫ്എസ്എസ്എഐ) വ്യക്തമാക്കുന്നു.
തിരക്കേറിയ ജീവിതത്തിൽ റെസ്റ്റോറന്‍റുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പതിവായി ഭക്ഷണം ഓർഡർ ചെയ്‌ത് കഴിക്കുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. ഇത്തരം ഇടങ്ങളിൽ അവശേഷിക്കുന്ന എണ്ണ ആവർത്തിച്ച് ചൂടാകുന്നത് വിഷമായി മാറും. ഇങ്ങനെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല ഭക്ഷണത്തിൽ രാസപദാർത്ഥങ്ങൾ ചേർക്കുന്നതും ചൂടാക്കിയ എണ്ണ ഒന്നിലധികം ഉപയോഗിക്കുന്നതും വൃത്തിയില്ലായ്‌മയും ഗുണമേന്മയില്ലാത്ത വസ്‌തുക്കളുടെ ഉപയോഗവും ആരോഗ്യത്തെ മോശമായി ബാധിക്കും.
ബാക്കി വരുന്ന എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോൾ അതിലെ മൊത്തം പോളാർ സംയുക്തങ്ങൾ ഫ്രീ റാഡിക്കലുകളായി മാറും. ഇത് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. എഫ്എസ്എസ്എഐ നിയമങ്ങൾ അനുസരിച്ച് പാചക എണ്ണയിൽ പോളാർ സംയുക്തത്തിന്‍റെ അളവ് 25% അധികമായാൽ ഉപയോഗത്തിന് അനുയോജ്യമല്ല. ഒരേ എണ്ണ ആവർത്തിച്ച് ചൂടാക്കുന്നതിലൂടെയാണ് ഈ വിഷ സംയുക്തം രൂപപ്പെടുന്നത്. കൂടാതെ മിക്ക ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും ഭക്ഷണം ഉണ്ടാക്കുമ്പോൾ ഫുഡ് കളറിംഗ്, ഫ്ലേവറിംഗ് ഉപ്പ്, സോയ സോസ് എന്നിവ അധികമായി ഉപയോഗിക്കാറുമുണ്ട്. ഇതും മാരകമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.