ന്യൂഡല്‍ഹി: യുവാക്കളിലുണ്ടാകുന്ന അമിതവണ്ണം ഭാവിയില്‍ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ശാസ്‌ത്രജ്ഞരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. യുവാക്കളിലും മദ്യവയസ്‌കരിലുമുണ്ടാകുന്ന അമിത വണ്ണം ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് മന്ദഗതിയിലാകാന്‍ കാരണമാകുന്നു. ഇത് തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ വിവിധ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അമിത വണ്ണം പിന്നീടുള്ള ജീവിതത്തില്‍ മറ്റ് പല വെല്ലുവിളികളും സൃഷ്‌ടിക്കുന്നുണ്ടെന്നും യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. നേരത്തെയുള്ള അമിതവണ്ണമാണ് ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന അമിത വണ്ണത്തെക്കാള്‍ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്നും യുസിഎല്ലിലെ കാര്‍ഡിയോ വാസ്‌കുലര്‍ ഫിസിയോളജി ആന്‍ഡ് ഫാര്‍മക്കോളജി വിഭാഗം പ്രൊഫസര്‍ അലന്‍ ഹഗ്‌സ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായി വണ്ണം വയ്ക്കുക എന്നാല്‍ ഹൃദയാരോഗ്യം മോശമാകുക എന്ന് തന്നെയാണ്. മുതിര്‍ന്നവരിലെ അമിത വണ്ണവും ഹൃദയാരോഗ്യവും തമ്മില്‍ അധിക ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. ജീവിതത്തിലെ ആദ്യ ഘട്ടങ്ങളിലെ അമിത വണ്ണവും ഹൃദയാരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു പഠനത്തിലൂടെയെന്നും ഗവേഷകര്‍ പറയുന്നു.
ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ 1946ല്‍ ജനിച്ച 1690പേരെയാണ് പഠന വിധേയരാക്കിയത്. ഇവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ), അരക്കെട്ട്-ഇടുപ്പ് അനുപാതം, ഇസിജി എന്നിവ പരിശോധിച്ചാണ് പഠനം നടത്തിയത്. ഇരുപത് വയസ് മുതല്‍ ബിഎംഐ കൂടുതലായിരുന്നവര്‍ അറുപതുകളിലെത്തുമ്പോഴേക്കും അവരുടെ ഇടത് ഹൃദയഭിത്തിയിലെ കോശങ്ങളുടെ ഭാരം വര്‍ധിക്കുന്നു. ഇത് ഹൃദയാരോഗ്യം മോശമായി എന്നതിന്‍റെ സൂചനയാണ്. ഇത് മരണത്തിലേക്ക് വരെ നിങ്ങളെ നയിക്കാം. 43 വയസില്‍ ബിഎംഐയില്‍ അഞ്ച് യൂണിറ്റ് വര്‍ധനയുണ്ടായാല്‍ ഇടത് ഹൃദയ ഭിത്തിയുടെ കോശങ്ങളില്‍ 15ശതമാനം അഥവ 27 ഗ്രാം ഭാരം വര്‍ധിക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.