ഹൈദരാബാദ്: രക്തത്തിലെ കൊളസ്ട്രോളിന്‍റെ അസാധാരണമായ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന ഡിസ്‌ലിപിഡെമിയ തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു നടപടി. രക്തത്തിൽ കൊളസ്‌ട്രോൾ കൂടുന്ന അവസ്ഥ, ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (LDL) അഥവാ ചീത്ത കൊളസ്‌ട്രോൾ കൂടുന്ന അവസ്ഥ, ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (HDL) അഥവാ നല്ല കൊളസ്‌ട്രോൾ കുറയുന്ന അവസ്ഥ. ട്രൈ ഗ്ലിസറൈഡുകൾ കൂടുന്ന അവസ്ഥ എന്നിവയാണ് ഡിസ്‌ലിപിഡെമിയ എന്ന് സാധാരണയായി പറയപ്പെടുന്നത്.
ഡിസ്‌ലിപിഡെമിയ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അതിനാൽ നിശബ്ദ കൊലയാളി എന്നാണ് ഡിസ്‌ലിപിഡെമിയ അറിയപ്പെടുന്നതെന്ന് സിഎസ്ഐ പ്രസിഡന്‍റ് ഡോ. പ്രതാപചന്ദ്ര രഥ് പറഞ്ഞു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങൾ പോലെ ഡിസ്‌ലിപിഡെമിയയുടെ ലക്ഷണങ്ങൾ നേരത്തെ തന്നെ പ്രത്യക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. രക്തത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രണവിധേയമാക്കാൻ തങ്ങളുടെ മാർഗനിർദ്ദേശങ്ങൾ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.