ചർമ്മം ആരോഗ്യത്തോടെയും ഭംഗിയോടെയും നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി പലതും പരീക്ഷിക്കുന്നവരാണ് മിക്ക ആളുകളും. ചർമം സംരക്ഷിക്കുന്നതിനായി നിരവധി ഉത്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. എന്നാൽ ചർമ്മത്തിന് അനുയോജ്യമായ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. പൊതുവെ ജനപ്രിയ ഉത്പന്നങ്ങളാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കാറ്. എന്നാൽ ഇത് എല്ലാവർക്കും യോജിച്ചതാവണമെന്നില്ല. മോയ്‌സ്‌ചറൈസർ, സൺസ്‌ക്രീൻ, ഫെയ്‌സ് വാഷ്, ഫേസ് പാക്ക് തുടങ്ങിവ ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം ചർമ്മത്തിൽ അമിത എണ്ണമയത്തിനും ഈർപ്പക്കുറവിനും കാരണമാകുന്നു. ഇത് ചിലരുടെ മൂക്കിൽ കറുത്ത പാടുകൾ ഉണ്ടാക്കുകയും സൗന്ദര്യം നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ വീട്ടിൽ ലഭ്യമായ ചില പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ കൊണ്ട് ഈ പ്രശ്‌നത്തെ വളരെ എളുപ്പത്തിൽ നേരിടാൻ നിങ്ങൾക്ക് സാധിക്കും. അതെന്തൊക്കെയെന്ന് നോക്കാം.
ആവി പിടിക്കുക
മൂക്കിന് മുകളിൽ ബ്ലാക്ക് ഹെഡ്‌സ് ഉള്ളവർ ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ആവി കൊള്ളുക. ഇങ്ങനെ ചെയ്യുമ്പോൾ ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കുകയും ഇത് വഴി വിഷാംശം പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
ബേക്കിങ് സോഡ
ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാൻ ബേക്കിങ് സോഡ ഗുണം ചെയ്യും. ഒരു ടീസ്‌പൂൺ ബേക്കിംഗ് സോഡയിലേക്ക് അൽപ്പം വെള്ളം ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തെ കറുത്ത പാടുകളിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം ചെറുചൂടു വെള്ളത്തിൽ മുഖം കഴുകാം. ഇത് ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാക്കാൻ കാരണമാകുന്ന കോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
കറുവപ്പട്ട
തേൻ, കറുവപ്പട്ടയുടെ പൊടി എന്നിവ സമാസമം എടുത്ത് കുഴമ്പ് രൂപത്തിലാക്കുക. ശേഷം മൂക്കിന് മുകളിൽ ഈ മിശ്രിതം പുരട്ടുക. 10 മുതൽ 15 മിനിറ്റിനു ശേഷം ചെറുചൂടു വെള്ളത്തിൽ കഴുകി കളയുക. ബ്ലാക്ക് ഹെഡ്‌സ് അകറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണിത്.
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗറും വെള്ളവും തുല്യ അളവിൽ എടുത്ത് മിക്‌സ് ചെയ്യുക. ഒരു സ്പോഞ്ച് ഉപയോഗിച്ച് ഈ മിശ്രിതം മൂക്കിന് മുകളിൽ നന്നായി മസാജ് ചെയ്യുക. ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാൻ ഇത് നല്ലൊരു മാർഗമാണ്.
പഞ്ചസാരയും നാരങ്ങാനീരും
രണ്ട് ടേബിൾ സ്‌പൂൺ പഞ്ചസാരയും ഒരു നാരങ്ങയുടെ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇത് മുക്കിൽ പുരട്ടുക. ബ്ലാക്ക് സ്പോട്ട് തടയാൻ ഇത് മികച്ച പ്രതിവിധിയാണ്.
മൂക്കിന്‍റെ ഭാഗങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് അകറ്റാൻ പഞ്ചസാരയും നാരങ്ങാനീരും ചേർന്ന മിശ്രിതം വളരെയധികം ഗുണം ചെയ്യുമെന്ന് 2010-ൽ 'ജേണൽ ഓഫ് കോസ്‌മെറ്റിക് ഡെർമറ്റോളജി' പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിരുന്നു. മാത്രമല്ല ഗ്രീൻ ടീയും ബ്ലാക്ക് ഹെഡ്‌സ് കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ചർമ്മം മിനുസമുള്ളതായി നിലനിർത്താൻ ഓട്‌സ് മാസ്‌ക് പതിവായി ഉപയോഗിക്കുന്നത് നല്ലതാണെന്നും വിദഗ്‌ധർ പറയുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: മുടികൊഴിച്ചിലാണോ പ്രശ്‌നം? കാരണങ്ങൾ പലതാകാം; ഇതൊന്ന് പരീക്ഷിക്കൂ... റിസൾട്ട് ഉറപ്പ്