തിരുവനന്തപുരം: ആരോഗ്യ രംഗത്തെ മികവിനായി പൊതുജനങ്ങളുടെ പിന്തുണ അഭ്യര്‍ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്‌ക്കുള്ള 'കേരള യുണൈറ്റഡ് എഗെന്‍സ്റ്റ് റെയര്‍ ഡിസീസസ്' പദ്ധതിയ്‌ക്കും പിന്തുണ വേണമെന്ന് മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി വീണ ജോര്‍ജ്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഈ പദ്ധതി ഏറ്റെടുത്തത്. സിഎസ്ആര്‍ ഫണ്ട്, ക്രൗഡ് ഫണ്ടിങ് എന്നിവയിലൂടെയാണ് ഈ പദ്ധതിയ്ക്ക് തുക കണ്ടെത്തുക. അപൂര്‍വ രോഗങ്ങള്‍ക്ക് വളരെ ചെലവേറിയ ചികിത്സകളാണുള്ളത്. ജീവിതത്തിന്‍റെ നിസഹായതയില്‍ കേരളം ഒന്നിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളില്‍ നട്ടെല്ല് നിവര്‍ത്തുന്ന ശസ്‌ത്രക്രിയ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും ഇത്തരം ചികിത്സ ലഭ്യമാണ്. ഇത് കൂടാതെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വലിയൊരു വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിലെ വരാനിരിക്കുന്ന ആരോഗ്യ ആവശ്യങ്ങളാണ് നവകേരളം കര്‍മ്മ പദ്ധതിയിലൂടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ഐസൊലേഷന്‍ വാര്‍ഡുകള്‍ മള്‍ട്ടി പര്‍പ്പസിനായി ഉപയോഗിക്കും. നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ പൂര്‍ണമായും സൗജന്യ ചികിത്സ ഉറപ്പാക്കും.
രാജ്യത്ത് ആദ്യമായി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലാബ് സൗകര്യമൊരുക്കും. രോഗങ്ങളുടെ മുമ്പില്‍ ഒരാളും നിസഹായരായി പോകരുത്. സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധത്തിനായി വാക്‌സിനേഷന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. രണ്ടര വര്‍ഷത്തിനുള്ളില്‍ ഇരുപത്തിയൊന്നാമത് ദേശീയ പുരസ്‌കാരമാണ് ആരോഗ്യ മേഖലയ്ക്ക് ലഭിച്ചത്. അത് ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ളതാണെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എ ആന്‍റണി രാജു, തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍ ജീവന്‍ബാബു, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. കെ.ജെ. റീന, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, കെഎംഎസ്‌സിഎല്‍ ജനറല്‍ മാനേജര്‍ ഡോ. ഷിബുലാല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.