കേരളം

kerala

ETV Bharat / health

കേരളത്തില്‍ എലിപ്പനി കുതിച്ചുയരുന്നു; രോഗബാധിതര്‍ കൂടുതല്‍ തലസ്ഥാനത്ത്, ആശങ്ക വേണ്ട, ജാഗ്രത മതി! - LEPTOSPIROSIS OUTBREAK KERALA 2024

കേരളത്തില്‍ എലിപ്പനി രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം സംസ്ഥാനത്താകെ 27 എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, 407 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു

KERALA  RAT FEVER  INCREASES IN 2024  എലിപ്പനി
Representative Image (ANI)

By ETV Bharat Kerala Team

Published : Oct 4, 2024, 11:51 AM IST

Updated : Oct 4, 2024, 12:20 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി വ്യാപകമാകുന്നുവെന്ന് കണക്കുകള്‍. വര്‍ഷംതോറും കേരളത്തില്‍ എലിപ്പനി രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം സംസ്ഥാനത്താകെ 27 എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, 407 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകൾ പ്രകാരം 83 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. ഓഗസ്‌റ്റ് മാസത്തില്‍ മാത്രം 29 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു.

ഈ വര്‍ഷം എലിപ്പനി ബാധിച്ചവരുടെ കണക്ക്- മാസം തിരിച്ച്

മാസം മരണം രോഗബാധിതർ
സെപ്‌റ്റംബർ 27 407
ഓഗസ്‌റ്റ് 29 489
ജുലൈ 27 440
ജൂൺ 18 279
മെയ് 8 192
ഏപ്രില്‍ 15 153
മാർച്ച് 5 147
ഫെബ്രുവരി 9 183
ജനുവരി 5 179

(Report from Directorate of Health Services Kerala)

2024 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ സംസ്ഥാനത്ത് എലിപ്പനി രോഗം കുതിച്ചുയരുന്നുവെന്ന് സൂചിപ്പിക്കുന്നു. ജനുവരിയില്‍ 179 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 5 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു. ഫെബ്രുവരിയില്‍ 183 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 9 പേര്‍ രോഗം ബാധിച്ച് മരിച്ചു. മാര്‍ച്ചില്‍ 147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 5 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ജൂലൈയിലെ കണക്കുകൾ പ്രകാരം 440 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും 27 പേര്‍ മരിക്കുകയും ചെയ്‌തു. ഏറ്റവും കൂടുതല്‍ എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്‌തത് ഓഗസ്‌റ്റിലാണ്. ഓഗസ്‌റ്റില്‍ മാത്രം 489 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും, 29 പേര്‍ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്‌തു. സെപ്റ്റംബറില്‍ മാത്രം 27 പേര്‍ എലിപ്പനി ബാധിച്ച് മരണപ്പെട്ടപ്പോള്‍ 407 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

2020 മുതലുള്ള എലിപ്പനി ബാധിച്ചവരുടെ കണക്ക്- വർഷം തിരിച്ച്

വർഷം മരണം രോഗബാധിതർ
2024 143 2479
2023 103 2390
2022 93 2429
2021 58 1700
2020 31 1007

(Report untill 2024 October 1 from Directorate of Health Services Kerala)

രോഗബാധയില്‍ മുന്നില്‍ തലസ്ഥാനം

കേരളത്തില്‍ ഓരോ വര്‍ഷവും എലിപ്പനി സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2020ല്‍ 1007 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 31 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. 2021ല്‍ 1700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 58 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ 2024ല്‍ എലിപ്പനി രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഇരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024ല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 2479 പേര്‍ക്ക് എലിപ്പനി രോഗം സ്ഥിരീകരിച്ചപ്പോൾ 143 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു. 2020നെ അപേക്ഷിച്ച് 2024ല്‍ എലിപ്പനി മരണനിരക്കില്‍ 461.29% വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2024 ഓഗസ്‌റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ എലിപ്പനി സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് 129 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 9 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു. ആലപ്പുഴയിലാണ് ഏറ്റവും കുറവ് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തത്. ജില്ലയില്‍ 13 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ ഒരാള്‍ മാത്രമാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.

ജില്ല രോഗം ബാധിച്ചവർ മരണം മരണ നിരക്ക്
തിരുവനന്തപുരം 128 9 7.03
കൊല്ലം 34 5 14.70
പത്തനംതിട്ട 26 1 3.84
ആലപ്പുഴ 13 1 7.69
കോട്ടയം 21 3 14.28
ഇടുക്കി 12 1 8.33
എറണാകുളം 101 5 4.95
തൃശൂർ 100 9 9
പാലക്കാട് 47 12 25.53
മലപ്പുറം 45 10 22.22
കോഴിക്കോട് 80 18 22.5
വയനാട് 15 4 26.6
കണ്ണൂർ 39 4 10.25
കാസർകോട് 14 0 0

(Data from August 1 to September 19)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്താണ് എലിപ്പനി?

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

എലിപ്പനിയുടെ ലക്ഷണങ്ങള്‍ അറിയാം

പനി, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന തുടങ്ങിയവ എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങളാണ്. കടുത്ത ക്ഷീണം നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പനി, പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ പറഞ്ഞ് വേദനസംഹാരികള്‍ പോലെയുള്ള മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് നേരിട്ട് വാങ്ങി കഴിക്കുന്നത് രോഗം യഥാസമയം കണ്ടെത്താന്‍ കഴിയാതെ വരും. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനടി ഡോക്‌ടറെ സമീപിക്കുക.

എലിപ്പനിയെ പ്രതിരോധിക്കാൻ ഇക്കാര്യം ചെയ്യുക

പകര്‍ച്ചവ്യാധികളില്‍ എറെ അപകടകാരിയായ എലിപ്പനി തടയാനാവശ്യമായ ഡോക്‌സിസൈക്ലിന്‍ മരുന്നുകള്‍ കഴിക്കുക. മുന്‍കരുതലായി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ആഴ്‌ചയിലൊരിക്കല്‍ പരമാവധി ആറ് ആഴ്‌ചവരെയാണ് മരുന്ന് കഴിക്കേണ്ടത്. ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുന്നവര്‍ വെറും വയറ്റില്‍ ഗുളിക കഴിക്കാതെ ഭക്ഷണശേഷം മാത്രം കഴിയ്ക്കണം. ഗുളിക കഴിച്ച് കഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലും എലിപ്പനി പ്രതിരോധ മരുന്നുകള്‍ ലഭിക്കും. എലിപ്പനിയില്‍ നിന്നും സംരക്ഷണം ലഭിക്കാൻ വൃത്തിയുള്ള വസ്‌ത്രങ്ങളും ഷൂകളും ധരിക്കുക. വൃത്തിയില്ലാത്ത തടാകങ്ങളിലും നദികളിലും ജലവിനോദങ്ങളും നീന്തലും ഒഴിവാക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.

Also Read: ജാഗ്രതവേണം എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ

Last Updated : Oct 4, 2024, 12:20 PM IST

ABOUT THE AUTHOR

...view details