അമിതവണ്ണമുള്ളവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നായിരിക്കും ശരീരഭാരം കുറക്കുകയെന്നത്. അതിനായി പല വഴികളും പരീക്ഷിക്കുന്നവരായിരിക്കും മിക്ക ആളുകളും. അതിൽ ഒന്നാണ് ഇന്‍റർമിറ്റന്‍റ് ഫാസ്റ്റിംഗ്. ഈ ഫാസ്റ്റിംഗ് പിന്തുടരുന്നതിന് മുൻപ് ഇതിന്‍റെ ഗുണങ്ങൾ, ദോഷങ്ങൾ, എന്നിവയെ കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇന്‍റർമിറ്റന്‍റ് ഫാസ്റ്റിംഗ് ആരംഭിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് യുസി ഡേവിസ് ഹെൽത്ത് രജിസ്‌ട്രേഡ് ഡയറ്റീഷ്യൻ മെലിൻഡ ഗോംഗ് വിശദീകരിക്കുന്നു.
ഇന്‍റർമിറ്റന്‍റ് ഫാസ്റ്റിംഗ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഇടവിട്ട് ഉപവസിക്കുന്ന ഒരു രീതിയാണ് ഇന്‍റർമിറ്റന്‍റ് ഫാസ്റ്റിംഗ്. ഭക്ഷണം പരിമിതപ്പെടുത്തി ശരീരത്തിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നതിനായുള്ള കൊഴുപ്പ് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ശേഖരിക്കാൻ കഴിയുന്നു എന്നതാണ് ഇന്‍റർമിറ്റന്‍റ് ഫാസ്റ്റിംഗ് പിന്നിലെ ആശയം. കാർബോഹൈഡ്രേറ്റിൽ നിന്നുള്ള ഗ്ലൂക്കോസാണ് ശരീരത്തിന്‍റെ പ്രധാന ഊർജ സ്രോതസ്. എന്നാൽ ഗ്ലൂക്കോസ് വേണ്ട അളവിൽ ലഭിക്കാതെ വരുമ്പോൾ കൊഴുപ്പ് ഊർജ്ജമായി പ്രവർത്തിക്കും. കൊഴുപ്പ് എത്രവേണമെങ്കിലും സംഭരിക്കാനുള്ള കഴിവ് ശരീരത്തിനുണ്ട്. ഇത് തന്നെയാണ് ശരീരഭാരം വർധിക്കാനുള്ള പ്രധാന കാരണവും. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ വരുമ്പോൾ നേരെത്തെ സംഭരിച്ചു വച്ചിട്ടുള്ള കൊഴുപ്പ് ഇന്ധനമായി പ്രവർത്തിക്കും. ഇതിലൂടെ അടിഞ്ഞുകൂടിയ കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാൻ സാധിക്കും.
അതേസമയം ഈ ഉപവാസം വിവിധ രീതികളിൽ പിന്തുടരാവുന്നതാണ്. ഒരു കൃത്യമായ ഉപവാസ ക്രമമൊന്നും ഇതിനില്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഒരു ദിവസത്തിൽ 12 മണിക്കൂറോ അതിൽ കൂടുതലോ ഉപവസിക്കുക എന്നതാണ് ഒരു രീതി. ഉദാഹരണത്തിന് ദിവസത്തിൽ 8 മണിക്കൂർ ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതി. രാത്രി 7 മണിയോടെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നീട് അടുത്ത ദിവസം 11 മണിയ്ക്കാണ് ഭക്ഷണം കഴിക്കേണ്ടത്. ഇതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കാര്യക്ഷമമായി കത്തിയ്ക്കാൻ സഹായിക്കും. ലഘുവായി അത്താഴം കഴിക്കുന്ന ഒരാളിൽ ഇത് വളരെ വേഗത്തിൽ ഫലം ഉണ്ടാക്കുന്നു.
ഇന്‍റർമിറ്റന്‍റ് ഫാസ്റ്റിംഗിന്‍റെ മറ്റൊരു രീതിയാണ് ഒരു ദിവസം മുഴുവനുള്ള ഉപവാസം. ആഴ്‌ചയിൽ അഞ്ച് മുതൽ 6 ദിവസം വരെ നിങ്ങൾക്ക് ഇഷ്‌ടമുള്ളതെന്തും കഴിക്കാം. ബാക്കിയുള്ള ഒന്നോ രണ്ടോ ദിവസം ഉപവാസത്തിനായും തെരഞ്ഞെടുക്കാം. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നിർജ്ജലീകരണം സംഭവിക്കാതെ നോക്കണമെന്നതാണ്. അതിനാൽ ധാരാളം വെള്ളവും ജ്യൂസുകളും കുടിക്കാം.
ഇന്‍റർമിറ്റന്‍റ് ഫാസ്റ്റിംഗ് നിങ്ങൾക്ക് അനുയോജ്യമാണോ?