കേരളം

kerala

ETV Bharat / health

കുട്ടികൾ ഭക്ഷണത്തോട് നോ പറയില്ല; ലഞ്ച് ബോക്‌സിൽ ഉൾപ്പെടുത്താം നൂഡിൽസ് മുതൽ ബ്രെഡ് റോൾ വരെ - healthy tiffin for children

പൊതുവെ ആഹാരം കഴിക്കാൻ മടിയുള്ളവരാണ് കുട്ടികൾ. ഇവരുടെ വളർച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണം വളരെ പ്രധാനമാണ്. കുട്ടികൾക്കായി തയ്യാറാക്കാവുന്ന രുചികരവും ആരോഗ്യകരവുമായ ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പറയുകയാണ് പോഷകാഹാര വിദഗ്‌ധ ഡോ സുചരിത സെൻഗുപ്‌ത.

NUTRITIOUS TIFFIN FOR KIDS  SCHOOL KID TIFFIN  HEALTHY TIFFIN FOR CHILDREN  LUNCH BOX RECIPES
Representative Image (Etv Bharat and Getty Images)

By ETV Bharat Health Team

Published : Sep 22, 2024, 6:46 PM IST

ഹാരം കഴിക്കുന്ന കാര്യത്തിൽ പൊതുവെ മടിയുള്ളവരാണ് കുട്ടികൾ. മിക്ക മാതാപിതാക്കളും കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനായി പാടുപെടുന്നവരാണ്. മണിക്കൂറുകൾ ചെലവഴിച്ചാണ് പല കുട്ടികളും ഭക്ഷണം കഴിക്കാറ്. സ്‌കൂളുകളിലേക്ക് കൊടുത്തു വിടുന്ന ടിഫിൻ തിരിച്ചു വീട്ടിലേക്ക് കൊണ്ടുവരുന്ന കുട്ടികളുടെ എണ്ണവും ചെറുതല്ല. ഇത്തരം സാഹചര്യങ്ങളിൽ വലിയ തലവേദനയാണ് രക്ഷിതാക്കൾ നേരിടുന്നത്. എന്നാൽ ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കുന്നതിനോടൊപ്പം അവ ആകർഷണീയമാക്കൻ കൂടി ശ്രദ്ധിച്ചാൽ കുട്ടികളിൽ ഭക്ഷണത്തോടുള്ള താല്‌പര്യം ഉണ്ടാക്കിയെടുക്കാൻ ഒരു പരിധി വരെ സാധിക്കും.

കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വയറിനു പ്രശ്‌നമുണ്ടാക്കുമെന്ന് വിദഗ്‌ധർ പറയുന്നു. എന്നാൽ കുട്ടികൾക്കായി രുചികരവും ആരോഗ്യകരവുമായ ഭക്ഷണം തയ്യാറാക്കുന്നതിനെ കുറിച്ച് പറയുകയാണ് പ്രശസ്‌ത പോഷകാഹാര വിദഗ്‌ധ ഡോ സുചരിത സെൻഗുപ്‌ത. കുട്ടികൾക്ക് സ്ഥിരമായി ടിഫിനിൽ ഉൾപ്പെടുത്താവുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

വെജിറ്റബിൾ ഓട്‌സ്

വെജിറ്റബിൾ ഓട്‌സ് ടിഫിനായി കുട്ടികൾക്ക് നൽകാവുന്നതാണ്. ഇതിലേക്ക് അൽപ്പം പനീർ ചേർത്താൽ രുചി വർദ്ധിപ്പിക്കാം. ഓട്‌സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, അതിനാൽ നിങ്ങളുടെ കുട്ടിക്ക് കൂടുതൽ സമയം വയറുനിറഞ്ഞതായി അനുഭവപ്പെടും. വിശപ്പ് നിയന്ത്രിക്കാൻ ഇത് ഗുണം ചെയ്യുന്നു. വെജിറ്റബിൾ ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

ബ്രെഡ് റോൾ

ടിഫിനായി കുട്ടികൾക്ക് ബ്രെഡ് റോൾ നൽകാം. ഉരുളക്കിഴങ്ങിനൊപ്പം ചെറുതായി അരിഞ്ഞ ചീസ്, ക്യാപ്‌സിക്കം, കാരറ്റ്, ബീറ്റ്റൂട്ട്, ചീര എന്നിവ ചേർക്കാം. ഇത് കുട്ടികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ബ്രെഡ് റോൾ ഫ്രൈ തയ്യാറാക്കുന്നതിന് നിങ്ങൾക്ക് എയർ ഫ്രയർ ഉപയോഗിക്കാം. ഇത് എണ്ണയുടെ ഉപയോഗം കുറച്ച് ആരോഗ്യകരമായ രീതിയിൽ ബ്രെഡ് റോൾ ഫ്രൈ ഉണ്ടാക്കാൻ ഇങ്ങളെ സഹായിക്കുന്നു.

ഇഡ്‌ലി

ആരോഗ്യകരമായ ഒരു ദക്ഷിണേന്ത്യൻ വിഭവമാണ് ഇഡ്‌ലി. പ്രഭാതഭക്ഷണമായോ ഉച്ചഭക്ഷണമായോ രാത്രിഭക്ഷണമായോ എല്ലാം ഇഡ്ലി കഴിക്കാം. ബീറ്റ്റൂട്ട്, പനീർ, ചീര എന്നിവ ചേർത്ത് ഇഡ്ലി കൂടുതൽ ആരോഗ്യകരമാക്കുന്നതിലൂടെ കുട്ടികൾ ഇത് കഴിക്കാൻ ഇഷ്‌ടപ്പെടുന്നു. അരിയോ റവയോ ഉപയോഗിച്ച് ഇഡ്‌ലി തയ്യാറാക്കാം.

നൂഡിൽസ്

ലഘുഭക്ഷണമായി കുട്ടികൾക്ക് നൽകാവുന്ന ഒന്നാണ് നൂഡിൽസ്. എന്നാൽ സംസ്‌കരിച്ച ധാന്യ പൊടി നൂഡിൽസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്. സംസ്‌കരിച്ച മൈദയ്ക്ക് പകരം ഗോതമ്പ് നൂഡിൽസ്, മില്ലെറ്റ് നൂഡിൽസ് എന്നിവ വെജിറ്റബിളും ചേർത്ത് തയ്യാറാക്കാം. ഇത് കുട്ടികൾക്ക് നൽകാവുന്ന ആരോഗ്യകരമായ ഒരു വിഭവമാണ്.

വെജിറ്റബിൾ കട്‌ലറ്റ്

പൊതുവെ കട്‌ലറ്റ്കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് മിക്ക കുട്ടികളും. ഇത് കൂടുതൽ ആരോഗ്യകരമാക്കാൻ ഉരുളക്കിഴങ്ങിനോടൊപ്പം മറ്റു പച്ചക്കറികൾ കൂടി ചേർത്ത് തയ്യാറാക്കാം. ചെറിയ കഷണങ്ങളായി പച്ചക്കറി മുറിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികൾ കട്‌ലറ്റിൽ നിന്നും പച്ചക്കറി വേർപെടുത്താതിരിക്കാൻ സഹായിക്കുന്നു.

ബനാന പാൻകേക്ക്

പാൽ, പഴം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു വിഭവമാണ് പാൻകേക്ക്. ഇത് ആരോഗ്യകരമായ ഒരു ടിഫിനായി കുട്ടികൾക്ക് നൽകാവുന്നതാണ്. ബനാന പാൻകേക്ക് കഴിക്കാൻ രുചികരമായതിനാൽ തന്നെ കുട്ടികൾ സന്തോഷത്തോടെ ഇത് കഴിക്കുമെന്നും ന്യൂട്രീഷ്യൻ ഡോ സുചരിത സെൻഗുപ്‌ത പറയുന്നു.

ബേസൻ ചില്ല

കുട്ടികൾക്ക് നൽകാവുന്ന രുചികരമായ വിഭവമാണ് ബേസൻ ചില്ല. ബേസൻ ചില്ലയിലേക്ക് ധാരാളം പച്ചക്കറികൾ കൂടി ചേർക്കാം. കൂടാതെ പനീർ ചെറിയ കഷണങ്ങളാക്കി ഇതിലേക്ക് ചേർക്കുന്നത് രുചി വർധിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണമാണ് ബേസൻ ചില്ല.

https://www.ncbi.nlm.nih.gov/pmc/articles/PMC10434982/

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടവ; പോഷകസമ്പുഷ്‌ടമാണ് ഈ വിത്തുകൾ

ABOUT THE AUTHOR

...view details