ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്ന സൂപ്പർഫുഡാണ് ഉണക്കമുന്തിരി അഥവാ റയിസിൻസ്. വിറ്റാമിൻ, പ്രോട്ടീൻ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് ഉണക്കമുന്തിരി. കറുപ്പ്, പച്ച, മഞ്ഞ, ഗോള്‍ഡണ്‍ എന്നീ വ്യത്യസ്ത നിറങ്ങളിലുള്ള ഉണക്കമുന്തിരികളുണ്ട്. പതിവായി ഇത് കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകും. ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്ത ഉണക്കമുന്തിരി രാവിലെ കഴിക്കുന്നത് ഗുണം ഇരട്ടിയാക്കാൻ സഹായിക്കും. പതിവായി ഇങ്ങനെ കഴിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഹൃദയാരോഗ്യം
പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കാനും ഇത് ഗുണം ചെയ്യും. പതിവായി ഉണക്കമുന്തിരി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുമെന്ന് അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.
ദഹനം മെച്ചപ്പെടുത്തും
ഉണക്കമുന്തിരിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഗുണം ചെയ്യും. മലബന്ധം അകറ്റാനും പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാത്സ്യം, ബോറോൺ, മഗ്നീഷ്യം എന്നിവ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്താനും ആരോഗ്യവും നിലനിർത്താനും വളരെയധികം സഹായിക്കും.
വിളർച്ച തടയാൻ
ഇരുമ്പിന്റെ സമ്പന്ന ഉറവിടമാണ് ഉണക്കമുന്തിരി. ഇത് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുമെന്ന് 2016 ൽ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഊർജ്ജം വർധിപ്പിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.