പോഷകഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പേരക്ക. അതുപോലെ നിരവധി പോഷകങ്ങൾ പേരക്ക ഇലയിലും അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം പേരക്കയിലയിലുണ്ട്. പ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായിക്കും. പ്രോട്ടീൻ, വിറ്റാമിൻ ബി 6, കോളിൻ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്‌ഫറസ്, പൊട്ടാസ്യം, സോഡിയം, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് പേരക്ക ഇല. ബയോ ആക്റ്റീവ് സംയുക്തങ്ങളായ ആൻ്റി മൈക്രോബയൽ, ആൻറി ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഫിനോളിക് സംയുക്തങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. പേരക്കയിലയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
പ്രമേഹം നിയന്തിക്കും
പ്രമേഹ രോഗികൾ പേരക്കയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനായി പാൻക്രിയാസിലെ കോശങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരതയോടെ നിലനിർത്താൻ ഗുണം ചെയ്യും. അതിനാൽ രണ്ട് ലിറ്റർ വെള്ളത്തിൽ 3 പേരക്കയിലയിട്ട് തിളപ്പിച്ച് കുടിക്കാം.
ശരീരഭാരം കുറയ്ക്കും
പേരക്കയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതിനായി മൂന്ന് പേരക്കയിലയുടെ നീര് തേനിൽ ചേർത്ത് കഴിക്കാം. ദിവസവും രാവിലെ ഇത് കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് കത്തിച്ചു കളയാൻ ഗുണം ചെയ്യും. ഇത് കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും വളരെയധികം സഹായിക്കും. 4 മുതൽ 5 ആഴ്‌ച തുടർച്ചയായി ഇത് കഴിക്കുമ്പോൾ തന്നെ ശരീരഭാരത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങും.
ദഹന പ്രശ്‌നങ്ങൾ അകറ്റും
വയറുവേദന, പ്രകോപനം, ഏമ്പക്കം, വയറിളക്കം, അസിഡിറ്റി തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പേരക്കയില നല്ലൊരു പ്രതിവിധിയാണ്. പേരക്കയില ഇട്ട് തിളപ്പിച്ച വെള്ളം മൂന്നുനേരം ഭക്ഷണത്തിന് അര മണിക്കൂർ മുമ്പ് കുടിക്കുന്നത് ഇത്തരം പ്രശ്‌നങ്ങൾ തടയാൻ ഫലപ്രദമാണ്. ആമാശയത്തിലെ നല്ല ബാക്‌ടീരിയകൾ വർദ്ധിപ്പിക്കാനും ദഹന എൻസൈമുകൾ ഉത്പാദിപ്പിക്കാനും പേരക്കയില സഹായിക്കും.