ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടാനായി സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ മിക്ക അടുക്കളകളിലുമുണ്ടാകുന്ന അവശ്യ സാധനങ്ങളിലൊന്നാണ് സുഗന്ധവ്യഞ്ജനങ്ങള്‍. ഏലം, കുരുമുളക്, ഗ്രാമ്പു, ജാതി തുടങ്ങി നീളുന്നതാണ് അടുക്കളയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടിക.
ഇവയില്‍ ഗ്രാമ്പുവിന് ഏറെ ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്‌ധ പഠനങ്ങള്‍ പറയുന്നത്. ഭക്ഷണത്തിന് രുചി നല്‍കുന്നതിന് അപ്പുറം ഇത് ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താനും സഹായകരമാണ്. നിരവധി രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ഗ്രാമ്പൂവിന് സാധിക്കും. കൃത്യമായൊരു അളവില്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് ഉത്തമമാണ്.
ഗ്രാമ്പു കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍
ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കുന്നു: ദിവസവും ഗ്രാമ്പു അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ അത് ശരീരത്തില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്‌ക്കും. ഗ്രാമ്പുവില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡ്, ഐസോഫ്ലേവോണ്‍ എന്നിവ ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ കുറയ്‌ക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ നശിക്കുന്നതോടൊപ്പം അത് സെല്ലുലാര്‍ കേടുപാടുകളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കും. തത്‌ഫലമായി ഹൃദ്രോഗം, കാന്‍സര്‍, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കുറയ്‌ക്കാന്‍ സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു: ഗ്രാമ്പുവില്‍ ധാരാളമായി അടങ്ങിയിട്ടുള്ള മാംഗനീസും ഫ്ളവനോയിഡും എല്ലുകള്‍ക്ക് ബലം നല്‍കുന്നു. അസ്ഥി പൊട്ടല്‍ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഇത് സംരക്ഷണമാകും. മാത്രമല്ല വിവിധ തരത്തിലുള്ള അസ്ഥി സംബന്ധമായ അസുഖങ്ങള്‍ക്ക് ഇത് കഴിക്കുന്നത് ഏറെ ആശ്വാസകരമാണെന്നും വിദഗ്‌ധര്‍ പറയുന്നു.
പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു: ഗ്രാമ്പു നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. 'ജേണൽ ഓഫ് ഫുഡ് ആൻഡ് ഡ്രഗ് അനാലിസിസ്' എന്ന പുസ്‌തകത്തിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഗ്രാമ്പു കഴിക്കുന്നിലൂടെ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിക്കുമെന്ന് വിദഗ്‌ധര്‍ പറയുന്നു. ഇതിന്‍റെ ആന്‍റി വൈറല്‍ ഗുണമാണ് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നത്. ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളാനും ഇതിന് കഴിവുണ്ട്.