ശരീരത്തിൽ യൂറിക് ആസിഡിന്‍റെ അളവ് കൂടുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ശാരീരിക അസ്വസ്ഥതകളിലേക്കും നയിക്കും. ചെറുപ്പക്കാരും മുതിർന്നവരും ഇന്ന് ഒരേ പോലെ നേരിടുന്ന പ്രശ്‌നം കൂടിയാണ് യൂറിക് ആസിഡ്. ഇതിന്‍റെ അളവ് വർധിക്കുന്നത് വാതം, വൃക്കയിൽ കല്ല്, ഹൃദ്രോഗങ്ങൾ, വൃക്ക സ്‌തംഭനം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ശരീരത്തിൽ അധികമായി യൂറിക് ആസിഡ് ഉത്പാദിപ്പിക്കുമ്പോൾ ക്രിസ്റ്റലുകളായി രൂപപ്പെടുകയും ക്രമേണ സന്ധികൾക്ക് ചുറ്റും അടിഞ്ഞു കൂടുകയും ചെയ്യും. ഇത് കഠിനമായ വേദന അനുഭവപ്പെടാനും നീർക്കെട്ട്, വിരൽ അനക്കാൻ പറ്റാത്ത അവസ്ഥ എന്നിവയിലേക്ക് നയിക്കും. എന്നാൽ തികച്ചും പ്രകൃതിദത്തമായ ചില മാർഗങ്ങളിലൂടെ യൂറിക് ആസിഡ് നിയന്ത്രിക്കാൻ സാധിയ്ക്കും. അതിനായി ഭക്ഷണക്രമത്തിൽ സമീകൃതാഹാരം ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ചെറി
ചെറി പഴത്തിൽ ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിയ്ക്കാൻ ഇത് സഹായിക്കും. ഡയറ്റിൽ പതിവായി ചെറി പഴം ഉൾപ്പെടുത്താൻ ശ്രമിക്കുക.
ബ്ലൂബെറി
ഫൈബറും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് ബ്ലൂബെറി. ഇത് സ്ഥിരമായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാൻ വളരെയധികം ഗുണം ചെയ്യും.
സ്ട്രോബെറി
ആന്‍റി ഓക്‌സിഡന്‍റ്, വിറ്റാമിൻ സി, ഫൈബർ എന്നിവയുടെ നല്ലൊരു ഉറവിടമാണ് സ്ട്രോബെറി. യൂറിക് ആസിഡ് നിയന്ത്രിക്കാനുള്ള കഴിവ് ഈ പോക്ഷങ്ങൾക്കുണ്ട്. അതിനാൽ ദിവസവും സ്ട്രോബെറി കഴിക്കാം. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യും.
സെലറി
ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുന്ന നല്ലൊരു ഡൈയൂററ്റിക്കാണ് സെലറി. ഇതിൽ അടങ്ങിയിട്ടുള്ള എപിജെനിൻ സംയുക്തം വീക്കം കുറയ്ക്കാനും സഹായിക്കും.